ഏഴാമത് യുക്മ - ഫസ്റ്റ് കോള്‍ കേരളപൂരം വള്ളംകളിയുടെ മുന്നൊരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. ഷെഫീല്‍ഡിനടുത്ത് റോഥര്‍ഹാം മാന്‍വേഴ്‌സ് തടാകത്തില്‍ വെച്ച് ആഗസ്റ്റ് 30 ശനിയാഴ്ച നടക്കുന്ന മത്സരത്തില്‍ 31 ടീമുകള്‍ പൊതു വിഭാഗത്തില്‍ മത്സരിക്കുന്നു. വനിതകളുടെ വിഭാഗത്തില്‍ 11 ടീമുകള്‍ കൂടി മത്സരിക്കുവാന്‍ എത്തുന്നതോടെ ഇരു വിഭാഗങ്ങളിലും ഇക്കുറി കടുത്ത മത്സരം നടക്കുമെന്ന് ഉറപ്പിക്കാം.
മത്സരത്തില്‍ പങ്കെടുക്കുന്ന ടീമുകളെ 8 ഹീറ്റ്‌സുകളായി തിരിച്ചിരിക്കുകയാണ്. ബോട്ട് ക്‌ളബ്ബുകളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ടീമുകള്‍ കേരളത്തിലെ വള്ളംകളി പാരമ്പര്യമനുസരിച്ച് കുട്ടനാടന്‍ ഗ്രാമങ്ങളുടെ പേരിലുള്ള വള്ളങ്ങളിലാണ് മത്സരിക്കുവാന്‍ ഇറങ്ങുന്നത്.
പ്രാഥമിക ഹീറ്റ്‌സുകളില്‍ മത്സരിക്കുന്ന ടീമുകള്‍ സംബന്ധിച്ച തീരുമാനമെടുത്തത് മാന്‍വേഴ്‌സ് ലെയ്ക്ക് ട്രസ്റ്റ് ഓഫീസില്‍ ആഗസ്റ്റ് 9 ശനിയാഴ്ച ചേര്‍ന്ന ക്യാപ്റ്റന്‍മാരുടെ യോഗത്തിലാണ്. മുന്‍ പതിവ് പോലെ നറുക്കെടുപ്പിലൂടെയാണ് ഇത്തവണയും ഹീറ്റ്‌സുകളിലെ ടീമുകളെ തീരുമാനിച്ചത്. 5, 6 ഹീറ്റ്‌സുകളില്‍ പങ്കെടുക്കുന്ന ടീമുകള്‍, ക്യാപ്റ്റന്‍മാര്‍, ബോട്ട് ക്‌ളബ്ബ്, വള്ളം എന്നിവ താഴെ നല്‍കുന്നു.
ഹീറ്റ്‌സ് - 5.
A. വള്ളംകുളങ്ങര - തോമസ്‌കുട്ടി ഫ്രാന്‍സിസ്, ജവഹര്‍ ബോട്ട് ക്‌ളബ്ബ് ലിവര്‍പൂള്‍.
വള്ളംകളിയില്‍ ഏറെ പരിചയ സമ്പന്നനായ തോമസ്‌കുട്ടി ഫ്രാന്‍സിസ് ക്യാപ്റ്റനായുള്ള ജവഹര്‍ ബോട്ട് ക്‌ളബ്ബ് ലിവര്‍പൂള്‍ മത്സരിക്കുന്നത് വള്ളംകുളങ്ങര വള്ളത്തിലാണ്. തുടര്‍ച്ചയായി മൂന്ന് തവണ യുക്മ ട്രോഫി കരസ്ഥമാക്കി ചരിത്രം സൃഷ്ടിച്ച ടീം ലിവര്‍പൂള്‍ വിജയ ചരിത്രം തുടരുവാനുള്ള ലക്ഷ്യത്തിലാണ് രണ്ട് വര്‍ഷത്തെ ഇടവേള കഴിഞ്ഞ് വീണ്ടും മത്സരത്തിനെത്തുന്നത്. മയില്‍ ടെയ്സ്റ്റ് ഓഫ് ക്വാളിറ്റിയാണ് ടീമിന്റെ സ്‌പോണ്‍സേഴ്‌സ്.
B. കരുവാറ്റ - തുഷാര്‍ പിള്ള, ശ്രീ വിനായക ബോട്ട് ക്‌ളബ്ബ്, യുകെ.
യുക്മ വള്ളംകളിയിലെ സ്ഥിര സാന്നിദ്ധ്യമായ ശ്രീ വിനായക ബോട്ട് ക്‌ളബ്ബ് യുകെയെ നയിക്കുന്നത് തുഷാര്‍ പിള്ളയാണ്. യുവത്വത്തിന് മുന്‍തൂക്കം നല്‍കി ചിട്ടയായ പരിശീലനത്തിലൂടെ മത്സരത്തിനൊരുങ്ങുന്ന ടീം ശ്രീ വിനായക മത്സരിക്കുന്നത് കരുവാറ്റ വള്ളത്തിലാണ്. ലൈഫ് ലൈന്‍ പ്രൊട്ടക്ടാണ് ടീമിന്റെ സ്‌പോണ്‍സേഴ്‌സ്.
C. കൈനടി - സുജോ ഡാനിയല്‍, സെന്റ് മേരീസ് ബോട്ട് ക്‌ളബ്ബ് കവന്‍ട്രി.
കൈനടി വള്ളത്തില്‍ മത്സരത്തിനെത്തുന്ന സെന്റ് മേരീസ് ബോട്ട് ക്‌ളബ്ബ് കവന്‍ട്രിയെ നയിക്കുന്നത് സുജോ ഡാനിയലാണ്. കൃത്യതയാര്‍ന്ന പരിശീലനം വഴി ലഭിച്ച ആത്മവിശ്വാസമാണ് ടീം സെന്റ് മേരീസിന്റെ കരുത്ത്. ലൈഫ് ലൈന്‍ പ്രൊട്ടക്ടാണ് ടീമിന്റെ സ്‌പോണ്‍സേഴ്‌സ്.
ഹീറ്റ്‌സ് - 6.
A. പുളിങ്കുന്ന് - മാത്യു ചാക്കോ, SMA ബോട്ട് ക്‌ളബ്ബ് സാല്‍ഫോര്‍ഡ്.
2023 ലെ യുക്മ ട്രോഫി ചാമ്പ്യന്‍മാരും കഴിഞ്ഞ വര്‍ഷം റണ്ണേഴ്‌സ് അപ്പുമായിരുന്ന SMA ബോട്ട് ക്‌ളബ്ബ് സാല്‍ഫോര്‍ഡിനെ നയിക്കുന്നത് വള്ളംകളിയില്‍ ഏറെ പരിചയ സമ്പത്തിനുടമയായ മാത്യു ചാക്കോയാണ്. കഠിനമായ പരിശീലനം നല്‍കുന്ന കരുത്തുമായി എത്തുന്ന ടീം SMA പുളിങ്കുന്ന് വള്ളത്തിലാണ് മത്സരത്തിന് ഒരുങ്ങുന്നത്. ഏലൂര്‍ കണ്‍സല്‍ട്ടന്‍സി യുകെ ലിമിറ്റഡാണ് ടീമിന്റെ സ്‌പോണ്‍സേഴ്‌സ്.
B. വേമ്പനാട് - നിജു ചെറിയാന്‍, കെയര്‍വെല്‍ ഫൌണ്ടേഷന്‍ ബോട്ട് ക്‌ളബ്ബ് ബര്‍മിംഗ്ഹാം.
നിജു ചെറിയാന്‍ ക്യാപ്റ്റനായി എത്തുന്ന കെയര്‍വെല്‍ ഫൌണ്ടേഷന്‍ ബോട്ട് ക്‌ളബ്ബ് ബര്‍മിംഗ്ഹാം മത്സരിക്കുന്നത് വേമ്പനാട് വള്ളത്തിലാണ്. ചിട്ടയായ പരിശീലനം വഴി നേടിയ ആത്മവിശ്വാസം കരുത്താക്കിയെത്തുന്ന ടീം കെയര്‍വെല്‍ ഫൌണ്ടേഷന്‍ വലിയ പ്രതീക്ഷയിലാണ് ഇത്തവണ മത്സരത്തിനെത്തുന്നത്. പോള്‍ ജോണ്‍ & കമ്പനി സോളിസിറ്റേഴ്സാണ് ടീമിന്റെ സ്‌പോണ്‍സേഴ്‌സ്.
C. കുമരകം - ജോര്‍ജ്ജ് വര്‍ഗ്ഗീസ്, SKCA ബോട്ട് ക്‌ളബ്ബ് ഷെഫീല്‍ഡ്.
ജോര്‍ജ്ജ് വര്‍ഗ്ഗീസ് ക്യാപ്റ്റനായി എത്തുന്ന SKCA ബോട്ട് ക്‌ളബ്ബ് ഷെഫീല്‍ഡ് മത്സരത്തിനെത്തുന്നത് കുമരകം വള്ളത്തിലാണ്. യുക്മ ട്രോഫിയില്‍ കരുത്തിന്റെയും പരിചയ സമ്പത്തിന്റെയും പര്യായമാറി മാറുവാനാണ് ടീം SKCA ബോട്ട് ക്‌ളബ്ബിന്റെ ഒരുക്കം. എന്റെ പീടികയാണ് ടീമിന്റെ സ്‌പോണ്‍സേഴ്‌സ്.
D. തകഴി - ദീപക് അബ്രാഹം, HIMA ബോട്ട് ക്‌ളബ്ബ് ഹള്‍.
ദീപക് അബ്രാഹം ക്യാപ്റ്റനായി എത്തുന്ന HIMA ബോട്ട് ക്‌ളബ്ബ് ഹള്‍ മത്സരിക്കുവാന്‍ എത്തുന്നത് തകഴി വള്ളത്തിലാണ്. എതിരാളികള്‍ക്ക് ശക്തമായ മത്സരം കാഴ്ച വെക്കുവാനുള്ള ഒരുക്കത്തിലാണ് ടീം HIMA ബോട്ട് ക്‌ളബ്ബ്. ജിയ ട്രാവല്‍സ് & ഹോളിഡെയ്‌സാണ് ടീമിന്റെ സ്‌പോണ്‍സേഴ്സ്.
യുക്മ ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്റെ നേതൃത്വത്തില്‍ ദേശീയ ഭാരവാഹികളായ ജയകുമാര്‍ നായര്‍, ഷീജോ വര്‍ഗ്ഗീസ്, വര്‍ഗ്ഗീസ് ഡാനിയല്‍, സ്മിത തോട്ടം, സണ്ണിമോന്‍ മത്തായി, റെയ്‌മോള്‍ നിധീരി, പീറ്റര്‍ താണോലില്‍, ഡോ. ബിജു പെരിങ്ങത്തറ, വള്ളംകളി ജനറല്‍ കണ്‍വീനര്‍ ഡിക്‌സ് ജോര്‍ജജ്, യുക്മ ദേശീയ സമിതി അംഗങ്ങള്‍, റീജിയണല്‍ ഭാരവാഹികള്‍, പോഷക സംഘടന ഭാരവാഹികള്‍ തുടങ്ങിയവര്‍ വള്ളംകളിയുടെ തയ്യാറെടുപ്പുകള്‍ നടത്തി വരുന്നു.
കായികപ്രേമികളുടെ ആവേശമായ വള്ളംകളിയും മലയാളികളുടെ പ്രിയപ്പെട്ട കലാരൂപങ്ങളായ തിരുവാതിരയും തെയ്യവും പുലികളിയും നാടന്‍പാട്ടും നൃത്ത നൃത്യങ്ങളും സംഗീതവും ആസ്വദിക്കുവാന്‍ മുഴുവന്‍ യുകെ മലയാളികളെയും യുക്മ ദേശീയ സമിതി, ആഗസ്റ്റ് 30 ന് റോഥര്‍ഹാം മാന്‍വേഴ്‌സ് തടാകക്കരയിലേക്ക് സ്വാഗതം ചെയ്യുന്നു.
കുര്യന്‍ ജോര്‍ജ്ജ്
(നാഷണല്‍ പി.ആര്‍.ഒ & മീഡിയ കോര്‍ഡിനേറ്റര്‍)