നടനും തമിഴക വെട്രി കഴകം (ടിവികെ) നേതാവുമായ വിജയിന്റെ കരൂര്‍ റാലിയില്‍ തിക്കിലും തിരക്കിലും പെട്ട് 41 പേര്‍ മരിച്ച സംഭവത്തില്‍ തമിഴ്‌നാട്ടിലെ ഡിഎംകെ സര്‍ക്കാര്‍ നീങ്ങുന്നത് അതീവ ജാഗ്രതയോടെ. സംഭവത്തിന് പിന്നാലെ ടിവികെയുടെ രണ്ടും മൂന്നുംനിര ഭാരവാഹികള്‍ക്കെതിരെ സര്‍ക്കാര്‍ ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തെങ്കിലും, സൂപ്പര്‍താരം വിജയിന്റെ പേര് എഫ്‌ഐആറില്‍ ഉള്‍പ്പെടുത്താത്തത് ചര്‍ച്ചയായി.
സൂപ്പര്‍ താരത്തോട് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന ഈ മൃദുസമീപനം ചില രാഷ്ട്രീയ കണക്കുകൂട്ടലുകള്‍ മുന്‍നിര്‍ത്തിയാണെന്നാണ് നേതൃത്വത്തില്‍ നിന്ന് ലഭിക്കുന്ന സൂചന. അറസ്റ്റോ, ചോദ്യം ചെയ്യലോ, എഫ്‌ഐആറില്‍ പേരുള്‍പ്പെടുത്തുന്നതോ പോലുള്ള നടപടികള്‍ വിജയ് യ്‌ക്കെതിരെ സ്വീകരിക്കുന്നത് ജനപ്രീതിയില്‍ ഒന്നാംസ്ഥാനത്തുള്ള താരത്തോടുള്ള അനുഭാവം ഇനിയും വര്‍ധിപ്പിച്ചേക്കുമെന്ന ഭയം ഡിഎംകെയ്ക്കുണ്ട്. മാത്രമല്ല, ഭരണകക്ഷിയായ ഡിഎംകെ രാഷ്ട്രീയ എതിരാളിയെ ലക്ഷ്യമിടുന്നു എന്ന പ്രചാരണത്തിന് വഴിയൊരുക്കുകയും ചെയ്യാമെന്നും നേതാക്കള്‍ പറയുന്നു. ഇതെല്ലാം കണക്കിലെടുത്താണ് സര്‍ക്കാര്‍ ജാഗ്രതയോടെ നീങ്ങുന്നതെന്നാണ് ഡിഎംകെ നേതാക്കള്‍ പറയുന്നത്.
ദുരന്തത്തിന്റെ കാരണം അന്വേഷിക്കാന്‍ സര്‍ക്കാര്‍ വിരമിച്ച ഹൈക്കോടതി ജഡ്ജി അരുണ ജഗദീശന്റെ നേതൃത്വത്തില്‍ ഏകാംഗ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. മദ്രാസ് ഹൈക്കോടതി തിങ്കളാഴ്ച സ്വമേധയാ നടപടികള്‍ ആരംഭിക്കാന്‍ സാധ്യതയുള്ള സാഹചര്യവും സര്‍ക്കാര്‍ കണക്കിലെടുക്കുന്നുണ്ട്