തമിഴ്‌നാട് തിരുവണ്ണാമലയില്‍ വാഹന പരിശോധനയ്ക്കിടെ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത പൊലീസുകാരെ പിരിച്ചുവിട്ടു.തിരുവണ്ണാമല ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍മാരായ സുരേഷ് രാജ്, സുന്ദര്‍ എന്നിവരെയാണ് പിരിച്ചുവിട്ടത്.
ഏന്തള്‍ ചെക്‌പോസ്റ്റിനോട് ചേര്‍ന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന തിരുവണ്ണാമലൈ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍മാരായ സുരേഷ് രാജും സുന്ദറും ചേര്‍ന്നാണ് പത്തൊന്‍പതുകാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. പെണ്‍കുട്ടിയുടെ സഹോദരി നല്‍കിയ പരാതിയില്‍ ഇരുവരെയും മണിക്കൂറുകള്‍ക്കുള്ളിലാണ് തിരുവണ്ണാമലൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഉടന്‍ സസ്‌പെന്‍ഷനും നല്‍കി. വെല്ലൂര്‍ റേഞ്ച് ഡിഐജി ജി ധര്‍മരാജന്റെ നിര്‍ദേശപ്രകാരം തിരുവണ്ണാമലൈ എസ് പി എം സുധാകര്‍ അപകടസ്ഥലം സന്ദര്‍ശിച്ചു. പ്രാഥമിക അന്വേഷണത്തില്‍ ഇരുവരും കുറ്റക്കാരാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് പിരുച്ചുവിടല്‍ നടപടി.
അതേസമയം, മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ രണ്ട് പ്രതികളെയും റിമാന്‍ഡ് ചെയ്തു. ഇരുവരും ഇപ്പോള്‍ വെല്ലൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. സംഭവത്തില്‍ എഐഎഡിഎംകെയും ബിജെപിയും സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തെത്തി.