ഹരിയാനയിലെ പാനിപ്പത്തില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ തലകീഴായി കെട്ടിത്തൂക്കി മര്‍ദിച്ച സംഭവത്തില്‍ പ്രിന്‍സിപ്പലും ഡ്രൈവറും അറസ്റ്റില്‍. പ്രിന്‍സിപ്പല്‍ റീന, ഡ്രൈവര്‍ അജയ് എന്നിവരാണ് അറസ്റ്റിലായത്. ഹരിയാനയിലെ പാനിപ്പത്തിലെ സ്വകാര്യ സ്‌കൂളിലാണ് സംഭവം നടന്നത്.
കുട്ടിയെ ജനാലയില്‍ തലകീഴായി കെട്ടിത്തൂക്കിയ ശേഷം പ്രിന്‍സിപ്പലിന്റെ ഡ്രൈവര്‍ മര്‍ദിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് അറസ്റ്റ്. ഇവര്‍ക്കെതിരെ മോഡല്‍ ടൗണ്‍ സ്റ്റേഷന്‍ പൊലീസ് ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ സെക്ഷന്‍ 75 എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ഹോംവര്‍ക്ക് ചെയ്യാത്തതിനാലാണ് കുട്ടിയോടുള്ള ക്രൂരത. മുഖിജ കോളനി നിവാസിയായ കുട്ടിയുടെ അമ്മ ഡോളിയാണ് സംഭവത്തിന്റെ വീഡിയോ പങ്കുവെച്ചത്. തന്റെ ഏഴു വയസ്സുള്ള മകനെ അടുത്തിടെയാണ് പാനിപ്പത്തിലെ സ്വകാര്യ സ്‌കൂളില്‍ ചേര്‍ത്തതെന്നും കുട്ടിയെ ശിക്ഷിക്കാന്‍ പ്രിന്‍സിപ്പല്‍ റീന ഡ്രൈവര്‍ അജയ്യെ വിളിച്ചുവരുത്തിയെന്നും അമ്മ ഡോളി ആരോപിച്ചിരുന്നു. അജയ് കുട്ടിയെ അടിക്കുകയും, സുഹൃത്തുക്കളുമായി വീഡിയോ കോളുകള്‍ ചെയ്ത് ഇത് കാണിക്കുകയും ചെയ്തു. പിന്നീട് ഇയാള്‍ തന്നെ കുട്ടിയെ മര്‍ദിക്കുന്നതിന്റെ വീഡിയോ ഓണ്‍ലൈനില്‍ അപ്ലോഡ് ചെയ്യുകയും ചെയ്തു. ഒടുവില്‍ ഈ ക്ലിപ്പ് കുട്ടിയുടെ വീട്ടുകാര്‍ കണ്ടതോടെയാണ് മര്‍ദന വിവരം പുറത്തുവന്നത്.
മറ്റൊരു വീഡിയോയില്‍, പ്രിന്‍സിപ്പല്‍ റീന മറ്റ് വിദ്യാര്‍ത്ഥികളുടെ മുന്നില്‍ വെച്ച് കുട്ടികളെ അടിക്കുന്നത് കാണാം. കുട്ടികള്‍ മറ്റ് രണ്ട് കുട്ടികളോട് മോശമായി പെരുമാറിയെന്നും അവരെ ശിക്ഷിക്കുന്നതിന് മുമ്പ് മാതാപിതാക്കളെ അറിയിച്ചിരുന്നുവെന്നുമായിരുന്നു ഇക്കാര്യത്തില്‍ അധ്യാപിക നല്‍കിയ ന്യായീകരണം. ശിക്ഷയായി ഇവര്‍ കുട്ടികളെ ചിലപ്പോള്‍ ശുചിമുറി വൃത്തിയാക്കാന്‍ നിര്‍ബന്ധിക്കാറുണ്ടെന്നും മാതാപിതാക്കള്‍ ആരോപിച്ചിരുന്നു.