കരൂര്‍ ദുരന്തത്തില്‍ ടിവികെ നേതാവ് വിജയിയെ പ്രതി ആക്കാത്തത് മുഖ്യമന്ത്രി സ്റ്റാലിന്റെ നിര്‍ദേശപ്രകാരമെന്ന് സൂചന. വിജയ്‌ക്കെതിരെ കേസെടുക്കുന്നത് തെറ്റായ കീഴ്വഴക്കം ആകുമെന്നും ബിജെപി അവസരം മുതലാക്കുമെന്നുമാണ് സ്റ്റാലിന്റെ നിലപാട്. ദുരന്തത്തില്‍ ടിവികെ നേതാക്കള്‍ അറസ്റ്റിലായിരുന്നുവെങ്കിലും വിജയ്‌യെ പ്രതിസ്ഥാനത്ത് നിര്‍ത്തി മുന്നോട്ട് പോവുന്ന നിലപാടാണ് തമിഴ്‌നാട് സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. അതിനിടെ, സ്റ്റാലിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തി വിജയും രംഗത്തെത്തി.
അതേസമയം, 41 പേരുടെ മരണത്തിനിടയാക്കിയ കരൂര്‍ ദുരന്തത്തില്‍ രാഷ്ട്രീയ പോര് കടുത്തിരിക്കെ, പൊതുയോഗത്തിന് അനുമതി നല്‍കി ടിവികെയ്ക്ക് മുന്നില്‍ വച്ച ഉപാധികള്‍ പുറത്തുവിട്ട് ജില്ലാ പൊലീസ് വൃത്തങ്ങള്‍. റോഡ് ഷോ പാടില്ല, ഗതാഗതം സാധാരണ നിലയില്‍ ഉറപ്പാക്കാനായി പൊലീസ് നല്‍കുന്ന എല്ലാ നിര്‍ദേശങ്ങളും അനുസരിക്കണം, ആംബുലന്‍സുകളുടെ വഴി തടയരുത്, പ്രവര്‍ത്തകര്‍ റോഡിലെ ഡിവൈഡറില്‍ കയറി നില്‍ക്കരുത് തുടങ്ങിയവയാണ് പ്രധാന ഉപധികള്‍. എന്നാല്‍ പകുതിയോളം ഉപാധികള്‍ ടിവികെ പാലിച്ചില്ലെന്നും പൊലീസ് വൃത്തങ്ങള്‍ പറയുന്നു. ഡിഎംകെ സര്‍ക്കാരിനെ പഴിച്ച് ടിവികെ രംഗത്തെത്തിയതോടെയാണ് പൊലീസ് രേഖകള്‍ പുറത്തുവിടുന്നത്.