ഡല്‍ഹിയിലെ ഒരു ആശ്രമത്തില്‍ 17 വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ സ്വയം പ്രഖ്യാപിത ആള്‍ദൈവം ചൈതന്യാനന്ദയുടെ ഫോണില്‍നിന്ന് സ്ത്രീകളുമൊത്തുള്ള നിരവധി ചിത്രങ്ങളും ചാറ്റുകളും കണ്ടെത്തി. ചാറ്റുകളില്‍ ബാബ വിവിധ വാഗ്ദാനങ്ങള്‍ നല്‍കി സ്ത്രീകളെ വശീകരിക്കാന്‍ ശ്രമിച്ചുവെന്ന് കണ്ടെത്തിയതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
ചൈതന്യാനന്ദ സരസ്വതി തന്റെ രണ്ട് വനിതാ സഹായികളോടൊപ്പം ഇരകളെ ഭീഷണിപ്പെടുത്തുകയും അയച്ച അശ്ലീല സന്ദേശങ്ങള്‍ നീക്കം ചെയ്യാന്‍ നിര്‍ബന്ധിച്ചതായി ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
എയര്‍ഹോസ്റ്റസുമാരുമൊത്തുള്ള ബാബയുടെ ഒന്നിലധികം ഫോട്ടോകളും സ്ത്രീകളുടെ ഡിസ്പ്ലേ ചിത്രങ്ങളുടെ(ഡിപി) സ്‌ക്രീന്‍ഷോട്ടുകളും ഫോണില്‍ ഉണ്ടായിരുന്നുവെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഡല്‍ഹിയില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ചെയര്‍പേഴ്സണായി നിയമിതനായ സമയത്ത് ഇയാള്‍ ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ നടത്തിയിരുന്നതായും ആരോപണമുണ്ട്.
ചൈതന്യാനന്ദ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ചോദ്യം ചെയ്യുന്നവരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. ചെയ്ത പ്രവര്‍ത്തികളില്‍ പശ്ചാത്താപം പ്രകടിപ്പിച്ചിട്ടില്ലെന്നും ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
തെളിവുകള്‍ ഹാജരാക്കി ചോദ്യം ചെയ്തപ്പോഴും ചൈതന്യാനന്ദ പലതവണ നുണ പറഞ്ഞതായും പോലീസ് പറഞ്ഞു. രേഖകളും ഡിജിറ്റല്‍ തെളിവുകളും ഹാജരാക്കിയപ്പോള്‍ മാത്രമാണ് ഇയാള്‍ മനസ്സില്ലാമനസ്സോടെ പ്രതികരിച്ചതെന്നും അവര്‍ പറഞ്ഞു. തെളിവെടുപ്പിനായി ഇയാളെ തിങ്കളാഴ്ച കാമ്പസിലേക്ക് കൊണ്ടുപോയിരുന്നു. ദിവസങ്ങളോളം ഒളിവില്‍ കഴിഞ്ഞ ചൈതന്യാനന്ദയെ ഞായറാഴ്ച ആഗ്രയിലെ ഒരു ഹോട്ടലില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.