അലാസ്‌ക തീരത്ത് സമുദ്രത്തില്‍ 8.2 തീവ്രതയില്‍ ഭൂചലനം. പ്രാദേശിക സമയം ഒന്നരയോടെയാണ് വന്‍ ഭൂചലനം ഉണ്ടായത്. യുഎസിന്റെ പടിഞ്ഞാറന്‍ തീരങ്ങളിലാകെയും കാനഡയിലും സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും സുനാമിയുണ്ടായേക്കുമെന്നും മുന്നറിയിപ്പുണ്ട്.
അലാസ്‌കയിലെ കോഡിയാക്കില്‍ നിന്ന് 175 മൈല്‍ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം .ഭൂകമ്പത്തെ തുടര്‍ന്ന് സമുദ്രത്തില്‍ 32 അടി ഉയരത്തില്‍ തിരമാലകള്‍ ഉയര്‍ന്നതായി റിപ്പോര്‍ട്ടുണ്ട്. തീര പ്രദേശത്തുള്ളവര്‍ എത്രയും പെട്ടെന്ന് ഉയരമുള്ള സ്ഥലങ്ങളിലേക്ക് മാറണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. കനത്ത വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.
തീരത്തു നിന്ന് ആളുകള്‍ വീടുപേക്ഷിച്ച് പോകുന്ന ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. അലാസ്‌ക, ബ്രിട്ടീഷ് കൊളംബിയ എന്നിവിടങ്ങളിലുള്ളവരാണ് ആശങ്കയില്‍. കാനഡയുടെ പടിഞ്ഞാറന്‍ തീരത്തെ വാന്‍കൂവര്‍ ദ്വീപിലെ ടൊഫിനോയില്‍ നാട്ടുകാര്‍ രക്ഷാ കേന്ദ്രങ്ങളില്‍ അഭയം തേടി കഴിഞ്ഞു. ഭൂചലനം അനുഭവപ്പെട്ടതായി ചിലര്‍ പറയുന്നു.
സുനാമി സാധ്യതയുണ്ടെന്ന് പസിഫിക് സുനാമി വാണിങ് സെന്റര്‍ പറഞ്ഞു.