അമേരിക്കയിലെ സ്‌കൂളിലുണ്ടായ വെടിവെപ്പില്‍ അക്രമിയായ വിദ്യാര്‍ത്ഥിയുള്‍പ്പടെ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം.
അമേരിക്കയിലെ വിസ്‌കോണ്‍സിനിലെ സ്‌കൂളിലാണ് വെടിവെപ്പ് നടന്നത്. 6 പേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ക്രിസ്മസ് അവധിക്ക് സ്‌കൂള്‍ അടയ്ക്കാനിരിക്കെയാണ് അമേരിക്കയെ ഞെട്ടിച്ച ആക്രമണം നടന്നത്.
വിസ്‌കോണ്‍സിനിലെ മാഡിസണിലുള്ള എബണ്ടന്റ് ലൈഫ് ക്രിസ്ത്യന്‍ സ്‌കൂളിലാണ് വിദ്യാര്‍ഥി തോക്കുമായെത്തി വെടിയുതിര്‍ത്തത്. കിന്റര്‍ഗാര്‍ഡന്‍ മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്‌കൂളില്‍ 400 ഓളം കുട്ടികളാണ് പഠിക്കുന്നത്. കഴിഞ്ഞ ദിവസം സ്‌കൂളിലേക്കിത്തയ വിദ്യാര്‍ത്ഥി പെട്ടന്ന് കുട്ടികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. 17 കാരിയായ പെണ്‍കുട്ടിയാണ് വെടിയുതിര്‍ത്തതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ മാഡിസണ്‍ പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
വെടിവപ്പ് നടന്നതറിഞ്ഞ് സകൂളിലെത്തുമ്പോള്‍ അക്രമിയടക്കം 3 പേരെ മരിച്ച നിലയില്‍ കണ്ടെത്തിയെന്നും രണ്ട് പേര്‍ ആശുപത്രിയില്‍ വെച്ച് കൊല്ലപ്പെട്ടതായും മാഡിസണ്‍ പൊലീസ് മേധാവി ഷോണ്‍ ബാണ്‍സ് അറിയിച്ചു. വെടിവെപ്പിന് ശേഷം വിദ്യാര്‍ഥി സ്വയം വെടിവെച്ച് ജീവനൊടുക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും അക്രമിയായ വിദ്യാര്‍ത്ഥിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് വരികയാണെന്നും പൊലീസ് വ്യക്തമാക്കി. വെടിവെപ്പിന് കാരണം എന്താണെന്ന് വ്യക്തമല്ലെന്നും പൊലീസ് അറിയിച്ചു.