വിവാദ ഹിജാബ് നിയമം താത്ക്കാലികമായി പിന്‍വലിച്ച് ഇറാന്‍ ഭരണകൂടം. നിയമത്തിനെതിരായ ആഭ്യന്തരവും അന്തര്‍ദേശീയവുമായ പ്രതിഷേധങ്ങള്‍ ശക്തമായ സാഹചര്യത്തിലാണ് ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ തീരുമാനം.
ഹിജാബ് ആന്റ് ചാരിറ്റി നിയമം നടപ്പാക്കുന്നത് നിര്‍ത്തണമെന്ന് ചൂണ്ടിക്കാട്ടി സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ സെക്രട്ടേറിയേറ്റ് പാര്‍ലമെന്റിന് കത്ത് നല്‍കുകയായിരുന്നു. നിലവിലെ നിയമത്തിന്റെ അനിശ്ചിതത്വങ്ങള്‍ നീക്കാന്‍ സര്‍ക്കാര്‍ മറ്റൊരു ഭേദഗതി കൊണ്ടുവരാന്‍ പദ്ധതിയിട്ടതായി പാര്‍ലമെന്ഡറിന്റെ അധ്യക്ഷ ബോര്‍ഡ് അംഗം അലിറേസ സലിമി പറഞ്ഞു.
ഹിജാബ് നിയമം പാലിക്കാത്ത സ്ത്രീകള്‍ക്ക് 15 വര്‍ഷം വരെ തടവോ വധശിക്ഷയോ ലഭിക്കുന്ന നിയമമാണ് ഇറാന്‍ മുന്നോട്ടുവെച്ചത്. മാന്യമല്ലാത്ത വസ്ത്രം ധരിക്കുന്നവര്‍ക്കും, നഗ്‌നത പ്രോത്സഹാപ്പിക്കുന്നവര്‍ക്കും ഹിജാബ് വിരോധികള്‍ക്കും കടുത്ത ശിക്ഷയേര്‍പ്പെടുത്തുന്നതായിരുന്നു നിയമം.
പരിഷ്‌കരിച്ച നിയമത്തിലെ ആര്‍ട്ടിക്കിള്‍ 60 പ്രകാരം നിയമം ലംഘിക്കുന്നവര്‍ക്ക് പിഴയോ, ചാട്ടവാറടിയോ ജയില്‍ ശിക്ഷയോ ലഭിക്കുമെന്നാണ് പറയുന്നത്. കുറ്റം വീണ്ടും ആവര്‍ത്തിക്കുന്നവര്‍ക്ക് 15 വര്‍ഷം വരെ തടവോ വധശിക്ഷയോ ലഭിക്കുമെന്നും നിയമത്തില്‍ പറയുന്നു.