നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഒരു മേക്കോവര്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം. സൈഡിലേക്ക് ഒതുക്കിനിര്‍ത്തിയിട്ടുള്ള പഴയ ഹെയര്‍സ്‌റ്റൈല്‍ മാറ്റിയ ട്രംപ്, ഇപ്പോള്‍ തലമുടി നേരെ പിന്നിലേക്ക് വെച്ചുകൊണ്ടുള്ള ഹെയര്‍സ്‌റ്റൈലിലാണ് പ്രത്യക്ഷപ്പെടുന്നത്.
ഫ്‌ലോറിഡയിലെ വെസ്റ്റ് പാം ബീച്ചിലെ, ട്രംപ് ഇന്റര്‍നാഷണല്‍ ഗോള്‍ഡ് ക്ലബ് എന്ന തന്റെ പ്രോപ്പര്‍ട്ടിയില്‍വെച്ചാണ് ട്രംപ് പുതിയ ലുക്കില്‍ പ്രത്യക്ഷപ്പെട്ടത്. വെള്ള ഷര്‍ട്ടും ഇന്‍സൈഡ് ചെയ്ത പാന്റ്‌സുമായി വരുന്ന ട്രംപ് തന്നെ കാണാന്‍ വേണ്ടി കാത്തുനില്‍ന്നവരെ അഭിസംബോധന ചെയ്ത ശേഷമാണ് മടങ്ങുന്നത്. ഈ ദൃശ്യങ്ങള്‍ വൈറലായതോടെയാണ് ട്രംപിന്റെ പുതിയ ഹെയര്‍സ്‌റ്റൈലിനെച്ചൊല്ലിയുമുള്ള ചര്‍ച്ചകളും വ്യാപകമായത്. മുടി സൈഡിലേക്ക് ഒതുക്കിയുള്ള പഴയ ട്രംപിനെ കണ്ടുപരിചയിച്ച ഒരാള്‍ക്ക് പെട്ടെന്ന് ഈ പുതിയ ഹെയര്‍സ്‌റ്റൈല്‍ ഇഷ്ടപ്പെടണമെന്നില്ല. പഴയ സ്‌റ്റൈലില്‍ മുടി കുറച്ച് ചെമ്പിച്ച രീതിയിലും നമുക്ക് ട്രംപിനെ കാണാന്‍ സാധിക്കും. എന്നാല്‍ പുതിയ സ്‌റ്റൈലില്‍ മുഴുവനായും വെള്ള മുടിയുള്ള ട്രംപിനെയാണ് കാണാനാകുക.