CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 13 Minutes 53 Seconds Ago
Breaking Now

സിറിയയില്‍ ഭരണം അട്ടിമറിച്ചത് തീവ്രവാദികളെന്ന് ബാഷര്‍ അല്‍ അസദ്; 'രാജ്യം വീണ്ടും സ്വതന്ത്രമാകുമെന്ന് പ്രതീക്ഷ'

റഷ്യയിലുള്ള അദ്ദേഹം മോസ്‌കോയില്‍ സുരക്ഷിത കേന്ദ്രത്തിലാണ് ഇപ്പോള്‍ കഴിയുന്നത് എന്നാണ് വിവരം.

സിറിയയില്‍ ഭരണം അട്ടിമറിച്ചത് തീവ്രവാദികളാണെന്ന് മുന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ്. രാജ്യം വിടാന്‍ താന്‍ തീരുമാനിച്ചിരുന്നതല്ലെന്നും റഷ്യയില്‍ അഭയം തേടേണ്ടി വരുമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു. സിറിയയില്‍ ഭരണം അട്ടിമറിക്കപ്പെട്ടതിന് പിന്നാലെ രാജ്യത്ത് നിന്ന് പലായനം ചെയ്ത അദ്ദേഹം ആദ്യമായാണ് പ്രതികരണം പുറത്തുവിടുന്നത്. റഷ്യയിലുള്ള അദ്ദേഹം മോസ്‌കോയില്‍ സുരക്ഷിത കേന്ദ്രത്തിലാണ് ഇപ്പോള്‍ കഴിയുന്നത് എന്നാണ് വിവരം.

ഇക്കഴിഞ്ഞ ഡിസംബര്‍ എട്ടിന് രാത്രിയിലാണ് അദ്ദേഹം സിറിയ വിട്ടത്. താന്‍ തീവ്രവാദികളോട് പൊരുതാനാണ് ലക്ഷ്യമിട്ടതെന്നും വ്യക്തിപരമായ നേട്ടത്തിന് താന്‍ ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറയുന്നു. രാജ്യം തീവ്രവാദികളുടെ കൈയ്യിലകപ്പെട്ട ശേഷവും താന്‍ പ്രസിഡന്റ് പദവിയില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ല. എങ്കിലും താനും സിറിയന്‍ ജനതയും തമ്മിലുള്ള ബന്ധത്തിന് യാതൊന്നും സംഭവിക്കില്ല. രാജ്യം വീണ്ടും സ്വതന്ത്രമാകുമെന്ന് താന്‍ വിശ്വസിക്കുന്നു. ഡിസംബര്‍ എട്ടിന് പുലര്‍ച്ചെ വരെ താന്‍ ദമാസ്‌കസില്‍ ഉണ്ടായിരുന്നു. അവിടെ ഡ്രോണ്‍ ആക്രമണം നടന്നപ്പോള്‍ റഷ്യ ഇടപെട്ട് തന്നെ അടിയന്തിരമായി മാറ്റുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

രാജ്യം വിട്ട ബാഷര്‍ അല്‍ അസദ് 250 മില്യണ്‍ ഡോളര്‍ (2,082 കോടി രൂപ) മോസ്‌കോയിലേക്ക് കടത്തിയെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഫിനാന്‍ഷ്യല്‍ ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 2018-2019 കാലയളവില്‍ ഏകദേശം രണ്ട് ടണ്‍ 100 ഡോളര്‍ നോട്ടുകളും 500 ന്റെ യൂറോ കറന്‍സികളും കടത്തി. ഇവ മോസ്‌കോയിലെത്തിച്ച ശേഷം റഷ്യന്‍ ബാങ്കുകളില്‍ നിക്ഷേപിച്ചു. ഇതേ കാലയളവില്‍ അസദിന്റെ ബന്ധുക്കള്‍ റഷ്യയില്‍ രഹസ്യമായി സ്വത്തുക്കള്‍ വാങ്ങിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ റഷ്യന്‍ ബാങ്കുകള്‍ക്ക് 250 മില്യണ്‍ ഡോളര്‍ കറന്‍സി നോട്ടുകള്‍ ലഭിച്ചതായി ഒരു രേഖയും റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടില്ല. അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത്, ഇന്ധന കള്ളക്കടത്ത് എന്നിവയില്‍ നിന്ന് അസദും അദ്ദേഹത്തിന്റെ സഹായികളും പണം സമ്പാദിച്ചതായി യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഔട്ട്ലെറ്റും ആരോപിക്കുന്നുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.