ഫ്രാന്‍സിലെ പുരാതന ദേവാലയമായ നോത്രദാം കത്തീഡ്രലിലേക്ക് ക്രിസ്തുവിന്റെ മുള്‍ക്കിരീടം തിരികെ എത്തിച്ചു. നോത്രദാം ദേവാലയത്തെ വലിയ രീതിയില്‍ തകര്‍ത്ത അഗ്‌നിബാധയുണ്ടായ സമയത്ത് മുള്‍ക്കിരീടം സംരക്ഷിച്ച് മാറ്റിയിരുന്നു. ഓടപ്പുല്ലിലുള്ള വൃത്താകൃതിയിലുള്ള നിര്‍മ്മിതി സ്ഫടികത്തിലും സ്വര്‍ണ്ണ ട്യൂബിലും പൊതിഞ്ഞാണ് ദേവാലയത്തിലേക്ക് തിരികെ എത്തിച്ചിരിക്കുന്നത്. പാരീസ് ആര്‍ച്ച് ബിഷപ്പ് ലോറന്റ് ഉള്‍റിച്ചിന്റെ മേല്‍നോട്ടത്തില്‍ നടന്ന ചടങ്ങില്‍ വെള്ളിയാഴ്ചയാണ് മുള്‍ക്കിരീടം ദേവാലയത്തിലേക്ക് തിരികെ എത്തിച്ചത്.
1239 ല്‍ ഫ്രാന്‍സിലെ രാജാവായിരുന്ന ലൂയിസ് ഒമ്പതാമന്‍ കോണ്‍സ്റ്റാന്റിനോപ്പിളില്‍ നിന്ന് 135,000 ലിവറുകള്‍ ചെലവിട്ടാണ് ഈ മുള്‍ക്കിരീടം സ്വന്തമാക്കിയത്. അക്കാലത്ത് ഫ്രാന്‍സിന്റെ വാര്‍ഷിക ചെലവിന്റെ പകുതിയോളം വരുന്നതായിരുന്നു ഈ തുക. തുടക്കത്തില്‍ സീന്‍ നദിയിക്കരയിലെ ഇലെ ഡി ലാ സിറ്റിയില്‍, 14-ആം നൂറ്റാണ്ട് വരെ ഫ്രാന്‍സിലെ രാജാക്കന്മാരുടെ വസതിയായിരുന്ന മധ്യകാല പാലയ്‌സ് ഡി ലാ സിറ്റിയിലെ സെന്റ് ചാപ്പല്ലില്‍ സൂക്ഷിച്ചിരുന്ന മുള്‍ക്കിരീടം 1806ലാണ് നോത്രദാം ട്രഷറിയിലേക്ക് മാറ്റിയത്. 2019-ല്‍ 850 വര്‍ഷം പഴക്കമുള്ള നോത്രദാം ദേവാലയ കെട്ടിടത്തില്‍ തീപിടുത്തം ഉണ്ടാകുന്നതുവരെ ഇവിടെ തന്നെയാണ് ഈ കിരീടം സൂക്ഷിച്ചത്. ജനുവരി 10 മുതല്‍ മുള്‍ക്കിരീടം വിശ്വാസികള്‍ക്ക് കാണാനാവുമെന്നാണ് ഫ്രഞ്ച് മാധ്യമങ്ങള്‍ വിശദമാക്കുന്നത്.