ജനങ്ങള്‍ ഏറ്റവും കൂടുതല്‍ വിശ്വസിക്കുന്ന ഭരണകൂടം ചൈനയാണെന്ന് റിപ്പോര്‍ട്ട്. ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള 'എടേല്‍മെന്‍ ട്രസ്റ്റ് ബാരോമീറ്റര്‍' നടത്തിയ വാര്‍ഷിക സര്‍വേഫലത്തിലാണ് രാജ്യത്തെ ജനങ്ങള്‍ വിശ്വാസമര്‍പ്പിക്കുന്ന സര്‍ക്കാരുകളുടെ പട്ടികയില്‍ ചൈന ഒന്നാം സ്ഥാനത്തുള്ളത്. ഇന്ത്യയ്ക്ക് പട്ടികയില്‍ നാലാം സ്ഥാനമാണുള്ളത്.
28 രാജ്യങ്ങളിലായി 33,000 പേരെ ഉള്‍പ്പെടുത്തിയാണ് എടേല്‍മെന്‍ ട്രസ്റ്റ് ബാരോമീറ്റര്‍ സര്‍വേ നടത്തിയത്. സാങ്കേതികത്തികവ്, വിദ്യാഭ്യാസം, ജോലി സാധ്യതകള്‍, ഗതാഗത സൗകര്യം, സാമ്പത്തിക സേവനങ്ങള്‍ എന്നിവയെല്ലാം അടിസ്ഥാനമാക്കിയാണ് സര്‍വേ. ട്രസ്റ്റ് ഇന്‍ഡിക്കേറ്ററില്‍ 77 പോയന്റുകള്‍ നേടിയ യു.എ.ഇ രണ്ടാം സ്ഥാനത്തുണ്ട്.
ഇന്തോനേഷ്യയാണ് സര്‍വേ ഫലത്തില്‍ മൂന്നാം സ്ഥാനത്തുള്ളത്. ഇന്ത്യയ്ക്ക് തൊട്ടുപിന്നിലായി ജനങ്ങള്‍ വിശ്വസിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ സിംഗപ്പൂര്‍ അഞ്ചാം സ്ഥാനത്തുണ്ട്. തെറ്റായ സാമ്പത്തിക നയങ്ങളും ഭരണകൂട തന്ത്രങ്ങളും മുന്നോട്ട് വച്ചുവെന്ന് പരക്കെ ആരോപണമുള്ള അമേരിക്ക പട്ടികയില്‍ വളരെ പിന്നിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.