ചൈനയിലെ ഏറ്റവും പ്രായം കുറഞ്ഞ യോഗ ട്രെയിനറായി ഒരു ഏഴ് വയസ്സുകാരന്‍. സണ്‍ ചുയാംഗ് എന്ന ഈ യോഗ അധ്യാപകന് 15000 ഡോളര്‍ വരുമാനമുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ പ്രായത്തിലെ ഏറ്റവും ധനികനായ വ്യക്തിയായി മാറിയിരിക്കുകയാണ് സണ്‍.
സണ്ണിന്റെ കഥ സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റായി മാറിക്കഴിഞ്ഞു. ഈസ്‌റ്റേണ്‍ ചൈനയിലെ സെജിയാംഗ് പ്രവിശ്യയില്‍ താമസിക്കുകയാണ് സണ്‍. രണ്ടാം വയസ്സില്‍ ചെറിയ തോതില്‍ ഓട്ടിസം ബാധിച്ചിരുന്നത് കണ്ടെത്തിയത് മുതല്‍ കുട്ടിയെ യോഗാ സ്‌കൂളില്‍ എത്തിക്കുകയാണെന്ന് കുട്ടിയുടെ അമ്മ പറയുന്നു. സ്വന്തമായി നടത്തിയിരുന്ന ചെരുപ്പ് കട പോലും നിര്‍ത്തിയാണ് അമ്മ മകനെയും കൂട്ടി യോഗാ സ്‌കൂളിലെത്തിയത്.
ഒരു വര്‍ഷം പിന്നിട്ടപ്പോഴേക്കും യോഗാഭ്യാസം സണ്ണിന് പരിചിതമായി തുടങ്ങി. രണ്ട് വര്‍ഷം പിന്നിട്ടപ്പോഴേക്കും മകന്റെ ഓട്ടിസവുമായി മാറിയെന്ന് ഈ അമ്മ വ്യക്തമാക്കി. കുട്ടി അധികമൊന്നും സംസാരിച്ചില്ലെങ്കിലും യോഗ നീക്കങ്ങള്‍ സണ്‍ വ്യക്തമായി ഓര്‍മ്മിച്ച് വെച്ചിരുന്നു. ആറാം വയസ്സില്‍ യോഗ കൃത്യമായി പരിശീലിച്ച് തുടങ്ങിയ സണ്ണിനെ റിക്രൂട്ട് ചെയ്യാന്‍ പ്രദേശത്തെ യോഗാ സെന്ററുകള്‍ മത്സരിച്ച് തുടങ്ങി.
ജൂണ്‍ 21 അന്താരാഷ്ട്ര യോഗാ ദിനമായി പ്രഖ്യാപിക്കാനുള്ള ഇന്ത്യയുടെ നീക്കത്തെ ചൈന യുഎന്നില്‍ പിന്തുണച്ചിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നൂറുകണക്കിന് യോഗാ ക്ലബുകളാണ് അന്നാട്ടില്‍ നടത്തുന്നത്.