CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
35 Minutes 58 Seconds Ago
Breaking Now

കോണ്‍വെന്റ് വില്‍പ്പനയ്‌ക്കെതിരെ പോരാടിയ കന്യാസ്ത്രീ വാദപ്രതിവാദങ്ങള്‍ക്കിടെ കോടതി മുറിയില്‍ കുഴഞ്ഞുവീണു മരിച്ചു; കാറ്റി പെറിയുമായി മൂന്ന് വര്‍ഷം നീണ്ട നിയമയുദ്ധം പാതിവഴിയിലാക്കി കന്യാസ്ത്രീയുടെ മടക്കം; പോപ്പ് താരം 15 മില്ല്യണ്‍ ഡോളര്‍ എറിഞ്ഞപ്പോള്‍ അതിരൂപതയും വീണു!

കുറെ ആളുകളെ വിഷമിപ്പിക്കുക മാത്രമാണ് കാറ്റി പെറിയുടെ നീക്കങ്ങള്‍ കൊണ്ടുണ്ടാകുന്ന ഗുണങ്ങളെന്ന് സിസ്റ്റര്‍ വ്യക്തമാക്കി

പൈസ കൈയിലുണ്ടെങ്കില്‍ എന്തുമാകാം എന്ന് ധരിക്കുന്ന ചിലരുണ്ട്. പക്ഷെ അതുകൊണ്ടൊന്നും ഒന്നും ആകില്ലെന്ന് തിരിച്ചറിയുന്ന ചില സാഹചര്യങ്ങള്‍ നേരിടുമ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ട് പോയിരിക്കും. ലോസാഞ്ചലസിലെ ഒരു കോണ്‍വെന്റ് സ്വന്തമാക്കാനായിരുന്നു പ്രമുഖ ഗായികയും നടിയുമായി കാറ്റി പെറിയുടെ ശ്രമം. തുക വീശിയെറിഞ്ഞാല്‍ അനായാസം നടക്കുമെന്ന് കരുതിയ സെലിബ്രിറ്റിയുടെ ശ്രമങ്ങള്‍ക്ക് പക്ഷെ തടയിട്ടത് 89 വയസ്സുള്ള ഒരു കന്യാസ്ത്രീയാണ്. താരവുമായി മൂന്ന് വര്‍ഷക്കാലം നീണ്ട നിയപോരാട്ടത്തിനൊടുവില്‍ കോടതിയില്‍ കുഴഞ്ഞ് വീണ് സിസ്റ്റര്‍ കാതറീന്‍ റോസ് ഹോള്‍സ്മാന്‍ മരണത്തിന് കീഴടങ്ങി. 

പോപ്പ് സ്റ്റാറിന് വില്‍ക്കാതിരിക്കാനായി ലോസാഞ്ചലസിലെ ലോസ് ഫെലിസ് കോണ്‍വെന്റ് റെസ്‌റ്റൊറന്റ് ഉടമയായ ഡാനാ ഹോളിസ്റ്ററിന് കേവലം 44,000 ഡോളറിന് വില്‍ക്കാനായിരുന്നു 89 വയസ്സുള്ള സിസ്റ്ററിന്റെയും, മറ്റൊരു കന്യാസ്ത്രീയുടെയും ശ്രമം. ലോസാഞ്ചലസ് അതിരൂപതയില്‍ നിന്നും 15 മില്ല്യണ്‍ ഡോളര്‍ നല്‍കി കോണ്‍വെന്റ് വാങ്ങാനായിരുന്നു കാറ്റി പെറിയുടെ 2014 മുതലുള്ള ശ്രമം. ഹോളിസ്റ്ററിനെതിരെ പെറിയും, അതിരൂപതയും കേസിന് പോയി വിജയം നേടിയിരുന്നു. 15 മില്ല്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കാനുള്ള വിധിക്ക് ശേഷമുള്ള വാദങ്ങള്‍ക്കിടെയാണ് സിസ്റ്റര്‍ ഹോള്‍സ്മാന്‍ കുഴഞ്ഞുവീണ് മരിച്ചത്. 

കുറെ ആളുകളെ വിഷമിപ്പിക്കുക മാത്രമാണ് കാറ്റി പെറിയുടെ നീക്കങ്ങള്‍ കൊണ്ടുണ്ടാകുന്ന ഗുണങ്ങളെന്ന് സിസ്റ്റര്‍ വ്യക്തമാക്കി. അതുകൊണ്ട് ദയവായി പോരാട്ടത്തില്‍ നിന്നും പിന്‍മാറണമെന്ന് അപേക്ഷിച്ച ശേഷമായിരുന്നു മരണം. 1927ല്‍ നിര്‍മ്മിച്ച കോണ്‍വെന്റിന്റെ യഥാര്‍ത്ഥ ഉടമകള്‍ തങ്ങളാണെന്ന് ഹോള്‍സ്മാനും, സിസ്റ്റര്‍ റീത്ത കള്ളിനാനും വാദിച്ചു. ഇതിന് തെളിവായി വത്തിക്കാനിലെ രേഖകളും ഇവരുടെ പക്കലുണ്ട്. 1978 മുതല്‍ ഇരുവരും ഇവിടെ കഴിഞ്ഞ് വരുന്നു. അതിരൂപത കേസില്‍ ഇടപെട്ടത് ശരിയായില്ലെന്ന് സിസ്റ്റര്‍മാര്‍ വ്യക്തമാക്കിയിരുന്നു. ഇമ്മാക്കുലേറ്റ് ഹാര്‍ട്ട് സിസ്റ്റര്‍മാരുടെ സ്വത്ത് തട്ടിയെടുക്കുകയാണ് ആര്‍ച്ച് ബിഷപ്പ് ചെയ്യുന്നതെന്നും ഇവര്‍ ഓര്‍മ്മിപ്പിച്ചിരുന്നു. 

എന്നാല്‍ ഇതുകൊണ്ടൊന്നും യാതൊരു ഗുണവും ഉണ്ടായില്ല. കോടികള്‍ക്ക് മുന്നില്‍ അതിരൂപത മുട്ടുമടക്കി, സിസ്റ്റര്‍മാരെ തള്ളിപ്പറഞ്ഞു. ഒടുവില്‍ കേസിനും കൂട്ടത്തിനും ഒടുവില്‍ ഒരു കക്ഷി മരണത്തിന് കീഴടങ്ങുകയും ചെയ്തു. ഇനി ഒരാളുടെ ജീവന്‍ കൂടി പോയാല്‍ സസുഖം കാറ്റി പെറി കോണ്‍വെന്റ് കൈക്കലാക്കും, അതിരൂപതയും ആര്‍ച്ച്ബിഷപ്പും കോടികളുടെ കണക്കും പറയും!




കൂടുതല്‍വാര്‍ത്തകള്‍.