CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 7 Minutes 45 Seconds Ago
Breaking Now

പതിനെട്ട് വയസ്സ് തികയുന്നതിന് മുമ്പായി എട്ട് പെണ്‍കുട്ടികളില്‍ ഒരാള്‍ ലൈംഗികാതിക്രമത്തിന് ഇരയാകുന്നു ; യുനിസെഫ് റിപ്പോര്‍ട്ട്

കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ കൂടുതലും സംഭവിക്കുന്നത് കൗമാരകാലഘട്ടത്തിലാണ്

ലോകമെമ്പാടുമായി 37 കോടിയിലധികം സ്ത്രീകളും പെണ്‍കുട്ടികളും ലൈംഗിക പീഡനത്തിനോ ലൈഗിംകാതിക്രമത്തിനോ ഇരയാകുന്നതായി യുനിസെഫിന്റെ റിപ്പോര്‍ട്ട്. 18 വയസ്സ് തികയുന്നതിന് മുമ്പായി എട്ട് പെണ്‍കുട്ടികളില്‍ ഒരാള്‍ ലൈംഗികാതിക്രമത്തിന് ഇരയാകുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒക്ടോബര്‍ 11ലെ അന്താരാഷ്ട്ര ബാലികാ ദിനത്തിനോട് അനുബന്ധിച്ച് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കുട്ടിക്കാലത്ത് പെണ്‍കുട്ടികള്‍ നേരിടുന്ന അത്രിക്രമങ്ങളെക്കുറിച്ചുള്ള ആദ്യത്തെ സമഗ്രമായ ആഗോള, പ്രാദേശിക വിശകലനമാണ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സൈബര്‍ ആക്രമണമോ വാക്കാലുള്ള ആക്രമണമോ പോലുള്ള 'ശാരീരികമല്ലാത്ത ഉപദ്രവം' കൂടി പരിഗണിക്കുമ്പോള്‍ 67 കോടിയോളം സ്ത്രീകളും പെണ്‍കുട്ടികളും പീഡനത്തിന് ഇരയാകുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കുട്ടികളുടെ അവകാശങ്ങളുടെ വ്യാപകമായ ലംഘനം തടയാനും അവ പരിഹരിക്കാനും നിര്‍ണായകമായ ഇടപെടല്‍ ആവശ്യമാണെന്ന് ഈ ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ അടിവരയിടുന്നു.

''കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം നമ്മുടെ ധാര്‍മിക മനസ്സാക്ഷിക്ക് കളങ്കം വരുത്തുന്നതാണെന്ന്'' യുനിസെഫ് എക്സിക്യുട്ടിവ് ഡയറക്ടര്‍ കാതറില്‍ റസ്സല്‍ പറഞ്ഞു. കുട്ടിക്ക് സുരക്ഷിതത്വം തോന്നേണ്ട സ്ഥലങ്ങളില്‍ നിന്നും അടുത്തറിയാവുന്നതും വിശ്വസിക്കുന്നതുമായ ഒരാളില്‍ നിന്നും ശാരീരികമായ ഉപദ്രവം ഉണ്ടാകുമ്പോള്‍ അത് ആഴത്തിലുള്ളതും അവരുടെ ജീവിതകാലം മുഴുവന്‍ നിലനില്‍ക്കുന്നതുമായ ആഘാതമാണ് ഉണ്ടാക്കുന്നത്.

സബ് സഹാറന്‍ ആഫ്രിക്കയിലാണ് ഏറ്റവും കൂടുതല്‍ പെണ്‍കുട്ടികളും സ്ത്രീകളും ലൈംഗിക അതിക്രമത്തിന് ഇരയാകുന്നതെന്ന് റിപ്പോര്‍ട്ട് എടുത്തുകാണിക്കുന്നു. ഏകദേശം 7.9 കോടി സ്ത്രീകളും പെണ്‍കുട്ടികളുമാണ് അവിടെ ലൈംഗിക അതിക്രമത്തിന് ഇരയാക്കപ്പെട്ടിട്ടുള്ളത്. കിഴക്കന്‍, തെക്ക് കിഴക്കന്‍ ഏഷ്യയില്‍ 7.5 കോടി പേരും, മധ്യ, തെക്കന്‍ ഏഷ്യയില്‍ 7.3 കോടി പേരും യൂറോപ്പ്, വടക്കന്‍ അമേരിക്ക എന്നിവടങ്ങളില്‍ 6.8 കോടി പേരും ലാറ്റിന്‍ അമേരിക്ക, കരീബിയന്‍ മേഖല എന്നിവടങ്ങളില്‍ 4.5 കോടി പേരും ലൈംഗികാതിക്രമത്തിന് ഇരയാക്കപ്പെട്ടിട്ടുണ്ട്.

കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ കൂടുതലും സംഭവിക്കുന്നത് കൗമാരകാലഘട്ടത്തിലാണ്. 14 വയസ്സിനും 17 വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് കൂടുതലായും ഉപദ്രവത്തിന് ഇരയാകുന്നത്. അതേസമയം, ഒരു തവണ ലൈംഗിക അതിക്രമത്തിന് ഇരയായവര്‍ വീണ്ടും വീണ്ടും ലൈംഗിക അതിക്രമത്തിന് ഇരയാകാനുള്ള സാധ്യത കൂടുതലാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമം കുറയ്ക്കാന്‍ എത്രയും വേഗം നടപടികള്‍ സ്വീകരിക്കാനുള്ള ആവശ്യകത ഇത് ഊന്നിപ്പറയുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.