CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 53 Minutes 19 Seconds Ago
Breaking Now

'രക്ഷാദൗത്യം തുടങ്ങാന്‍ വൈകിയില്ല, വേഗത്തില്‍ മണ്ണ് നീക്കരുതെന്നും വലിയ യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുതെന്നും മുന്നറിയിപ്പുണ്ടായിരുന്നു'; ഹൈക്കോടതിയില്‍ കര്‍ണാടക

കേസ് ഹൈക്കോടതി ഇന്നു വീണ്ടും പരിഗണിക്കും

ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ കണ്ടെത്താനുള്ള രക്ഷാദൗത്യത്തിന്റെ വിശദാംശങ്ങള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച് കര്‍ണാടക സര്‍ക്കാര്‍. അര്‍ജുനെ കണ്ടെത്താനുള്ള രക്ഷാദൗത്യം തുടങ്ങാന്‍ വൈകിയില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. അര്‍ജുനെ കാണാതായെന്നു പരാതി കിട്ടിയ ഉടന്‍ തിരച്ചില്‍ തുടങ്ങി. കേസ് ഹൈക്കോടതി ഇന്നു വീണ്ടും പരിഗണിക്കും.

അര്‍ജുനെയും ലോറിയെയും കാണാനില്ലെന്ന് 19ന് രാത്രി പരാതി കിട്ടി, 20ന് കരയില്‍ തിരച്ചില്‍ തുടങ്ങിയെന്നും സര്‍ക്കാര്‍ അറിയിച്ചു. വൈകാതെ നദിയിലും മണ്ണിനടിയിലും പ്രാഥമികമായി തിരച്ചില്‍ നടത്തി. തുടര്‍ ദിവസങ്ങളില്‍ വിദഗ്ധ പരിശോധന നടത്തിയതായും സര്‍ക്കാര്‍ വ്യക്തമാക്കി. വേഗത്തില്‍ മണ്ണ് നീക്കരുതെന്നും വലിയ യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിച്ചാല്‍ മണ്ണിടിയുമെന്നു മുന്നറിയിപ്പ് ഉണ്ടായിരുന്നതായും സത്യവാങ്മൂലത്തില്‍ പറയുന്നു.

16ന് രാവിലെ ഒമ്പതോടെയാണ് ദേശീയപാത66ല്‍ മണ്ണിടിച്ചിലുണ്ടായത്. അന്ന് ഷിരൂരില്‍ കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. മണ്ണിടിച്ചിലിന് പിന്നാലെ വാഹനങ്ങളും ചായക്കടയും മണ്ണിനടിയിലായി. നിരവധിപേര്‍ അപകടത്തില്‍പ്പെട്ടു. പത്തു മണിയോടെതന്നെ രക്ഷാപ്രവര്‍ത്തന നടപടികളാരംഭിച്ചു. ഗതാഗതം വഴിതിരിച്ചു വിട്ടു. ദേശീയ സംസ്ഥാന ദുരന്ത നിവാരണ സേനകളും അഗ്‌നിശമന സേനയും നാവിക സേനയും ജില്ലാ ഭരണകൂടവും തിരച്ചില്‍ ആരംഭിച്ചുവെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.

അര്‍ജുനെ കണ്ടെത്താനുള്ള രക്ഷാദൗത്യം ഗൗരവമുള്ള വിഷയമെന്ന് അഭിപ്രായപ്പെട്ട കര്‍ണാടക ഹൈക്കോടതി, കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസ് അയച്ചിരുന്നു. ഇരു സര്‍ക്കാരുകളും ഇന്നു മറുപടി നല്‍കണമെന്നായിരുന്നു ആവശ്യം. തുടര്‍ന്നാണ് അര്‍ജുന് വേണ്ടി ഇതുവരെ നടത്തിയ രക്ഷാദൗത്യത്തിന്റെ വിശദാംശങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്.

 




കൂടുതല്‍വാര്‍ത്തകള്‍.