വയനാട് ഉരുള്‍പൊട്ടലില്‍ നിന്ന് രക്ഷപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരന്‍ ജെന്‍സന്റെ അപകട മരണത്തിന്റെ ഞെട്ടലിലാണ് കേരളം. ഉരുള്‍പൊട്ടിയ രാത്രിയില്‍ തന്റെ ഉറ്റവരെ എല്ലാം നഷ്ടപ്പെട്ട ആ പെണ്‍കുട്ടിക്ക് മുന്നോട്ടു ജീവിക്കാനുള്ള വെളിച്ചം കാണിച്ചത് ജെന്‍സന്‍ എന്ന ചെറുപ്പക്കാരനായിരുന്നു. എന്നാല്‍ വിധി അവിടെയും ക്രൂരത കാണിച്ചിരിക്കുകയാണ്. ഒട്ടും നിനച്ചിരിക്കാതെ മരണം ജെന്‍സനേയും കൊണ്ടുപോയി എന്നത് വേദനാജനകമാണ്. ഇപ്പോഴിതാ ജെന്‍സന്റെ മരണത്തില്‍ വികാരഭരിതമായ കുറിപ്പുമായി എത്തിയിരിക്കുകയാണ് നടി മഞ്ജു വാര്യര്‍. ഒരു വാക്കിനും ഉള്‍ക്കൊള്ളാന്‍ ആകില്ല ശ്രുതിയുടെ വേദന എന്നും. ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടമായ അവളുടെ കരം പിടിച്ച ജെന്‍സന്‍ എന്ന നന്മയെയും മരണം കൊണ്ടുപോകുമ്പോള്‍ കാലമേ എന്തിന് ഇത്ര ക്രൂരത എന്നാണ് മഞ്ജു വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ഒരുവാക്കിനും ഉള്‍ക്കൊള്ളാനാകില്ല ശ്രുതിയുടെ വേദന. ഒരു കൈത്തലത്തിനും തുടയ്ക്കാനാകില്ല ആ പെണ്‍കുട്ടിയുടെ കണ്ണീര്‍. ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടമായ അവളുടെ കരംപിടിച്ച ജെന്‍സന്‍ എന്ന നന്മയെയും മരണം കൊണ്ടുപോകുമ്പോള്‍ കാലമേ എന്തിനിത്ര ക്രൂരത എന്നുമാത്രം ചോദിച്ചുപോകുന്നു. ഇനി ലോകമൊന്നാകെ ശ്രുതിക്ക് കൂട്ടാകട്ടെ...അവളെ ഏറ്റെടുക്കട്ടെ..