ഷിരൂര്‍ മണ്ണിടിച്ചിലില്‍ മരണപ്പെട്ട അര്‍ജുന്റെ കുടുംബത്തിന് നേരെയുണ്ടായ സൈബര്‍ ആക്രമണത്തില്‍ പൊലീസ് കേസെടുത്തതില്‍ പ്രതികരിച്ച് ലോറി ഉടമ മനാഫ്. മതങ്ങളെ തമ്മില്‍ത്തല്ലിക്കാറില്ല. അര്‍ജുന്റെ കുടുംബത്തിനെതിരെ അറിഞ്ഞുകൊണ്ടൊന്നും ചെയ്തിട്ടില്ല. കുടുംബത്തിനെതിരെ സൈബര്‍ ആക്രമണം നടത്തരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു. തനിക്കെതിരെ എന്ത് കേസ് വന്നാലും അര്‍ജുന്റെ കുടുംബത്തിനൊപ്പം തന്നെയാണ്. അനാവശ്യമായി തന്റെ ഫോണിലേക്ക് ആരും വിളിക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും മനാഫ് പറഞ്ഞു.
ചേവായൂര്‍ പൊലീസാണ് കേസെടുത്തത്. കലാപാഹ്വാനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ്. ഭാരതീയ ന്യായ് സംഹിതയിലെ 192, 120 (ഒ) കേരള പൊലീസ് ആക്ട് എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്.
ഇന്നലെയായിരുന്നു സിറ്റി പോലീസ് കമ്മീഷണര്‍ക്ക് കുടുംബം പരാതി നല്‍കിയത്. മെഡിക്കല്‍ കോളേജ് എസിപിയുടെ കീഴിലുള്ള സംഘമാണ് പരാതി അന്വേഷിച്ചത്. സമൂഹമാധ്യമ അക്കൗണ്ടുകള്‍ ഇന്ന് പരിശോധിക്കുമെന്ന് എസിപി അറിയിച്ചിരുന്നു. ഇതിനിടെ സേവ് അര്‍ജുന്‍ ആക്ഷന്‍ കമ്മിറ്റി പിരിച്ചുവിട്ടിട്ടുണ്ട്. കമ്മിറ്റി പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് അര്‍ജുന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.