ഭര്‍ത്താവിന്റെ സുഹൃത്തായ വനിതാ എസ്‌ഐ വീട്ടില്‍ കയറി മര്‍ദ്ദിച്ചെന്ന പരാതിയുമായി എസ്‌ഐയുടെ ഭാര്യ. ഭര്‍ത്താവും ഭര്‍ത്താവിന്റെ വീട്ടുകാരും ശാരീരികവും മാനസികവുമായി പീഡിപ്പിച്ചെന്നും യുവതി പരാതിയില്‍ പറയുന്നു. കൊല്ലം ജില്ലയിലെ പരവൂരിലാണ് സംഭവം. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വനിതാ സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.ഐക്കെതിരെയും യുവതിയുടെ ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കും എതിരെയും പരവൂര്‍ പൊലീസ് കേസെടുത്തു.
വര്‍ക്കല എസ്.ഐ അഭിഷേകിനും, സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐ ആശയ്ക്കും എതിരെയാണ് പരവൂര്‍ സ്വദേശിയായ യുവതിയുടെ പരാതി. ഭര്‍ത്താവുമായി താമസിച്ചിരുന്ന വീട്ടില്‍ വെച്ച് വനിതാ എസ്.ഐ മര്‍ദ്ദിച്ചെന്നാണ് യുവതി പറയുന്നത്. വനിതാ എസ്.ഐ വീട്ടില്‍ വരുന്നതിനെ എതിര്‍ത്തായിരുന്നു പ്രകോപനത്തിന് കാരണമെന്നും പരാതിക്കാരി പറഞ്ഞു.
തന്റെ വീട്ടില്‍ കയറി മര്‍ദിച്ചിട്ടും അവിടെയുണ്ടായിരുന്ന അച്ഛനും അമ്മയും ഭര്‍ത്താവും അത് നോക്കി നിന്നുവെന്നും യുവതി ആരോപിച്ചു. യുവതിയുടെ പരാതിയില്‍ വനിതാ എസ്‌ഐക്കെതിരെ പരവൂര്‍ പൊലീസ് കേസെടുത്തു. സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും ശാരീരികവും മാനസികവുമായി പീഡിപ്പിച്ചെന്നും യുവതി പറയുന്നു. ഇവര്‍ക്കെതിരെയും കേസെടുത്തു.
തന്നെ എന്തെങ്കിലും ചെയ്യുമെന്നും അച്ഛനെയും അനിയത്തിയെയും കള്ളക്കേസില്‍ കുടുക്കി തന്റെ ജീവിതം നശിപ്പിക്കുമെന്നും ബോധ്യപ്പെട്ടതു കൊണ്ടാണ് പൊലീസില്‍ പരാതി കൊടുത്തതെന്ന് യുവതി പറഞ്ഞു. '100 പവന്‍ സ്വര്‍ണവും അഞ്ച് ലക്ഷം രൂപയും കാറും കൊടുത്തു. ഇപ്പോഴത്തെ വീടും തന്റെ അച്ഛന്‍ വാങ്ങി കൊടുത്തതാണ്. എന്നാല്‍ ഇപ്പോള്‍ പറയുന്നത് തന്നേക്കാള്‍ നല്ല പെണ്ണിനെ കിട്ടുമായിരുന്നെന്നാണ്. ജോലിയുള്ള പെണ്ണിനെ വലിയ വീട്ടില്‍ നിന്ന് എസ്.ഐ ആയ മകന് കിട്ടുമെന്ന് പറഞ്ഞ് മാതാപിതാക്കളും ഭര്‍ത്താവുംഉപദ്രവിക്കുകയാണെന്നും'' യുവതി പറയുന്നു.
പരവൂര്‍ പൊലീസില്‍ നല്‍കിയ പരാതിക്ക് പുറമേ, ഡിജിപിക്കും മുഖ്യമന്ത്രിക്കും യുവതി പരാതി നല്‍കിയിട്ടുണ്ട്.