ഇന്ത്യയിലെ മതേതര സമൂഹത്തിന് ഏറ്റവും വിശ്വസിക്കാന്‍ കഴിയുന്ന ലീഡറാണ് എം കെ സ്റ്റാലിനെന്ന് നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍. ഇന്ന് നടക്കാനിരിക്കുന്ന പാര്‍ട്ടി ഔദ്യോഗിക പ്രഖ്യാപനച്ചടങ്ങിനുള്ള വേദിയിലെ ഒരുക്കങ്ങള്‍ വിലയിരുത്താനെത്തിയപ്പോഴാണ് പ്രതികരണം. അന്‍വറിന്റെ ഡിഎംകെ (ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള) സ്റ്റാലിന്റെ ഡിഎംകെയുമായി സഖ്യകക്ഷിയാകുമെന്ന സൂചനകള്‍ക്കിടെയാണ് അന്‍വര്‍ പ്രതികരിച്ചത്.
മതേതര പോരാട്ടത്തിന് ഒരുങ്ങുമ്പോള്‍ സ്റ്റാലിനേപ്പോലുള്ള ആളുകളുടെ അനുഗ്രഹം ആവശ്യമാണ്. തമിഴ്‌നാട്ടില്‍ സാധാരണക്കാരോടൊപ്പം നില്‍ക്കുന്ന പാര്‍ട്ടിയാണ് ഡിഎംകെ. ഡെമോക്രറ്റിക് മൂവ്‌മെന്റ് ഓഫ് കേരള ഒരു സോഷ്യല്‍ മൂവ്‌മെന്റ് ആണ്, രാഷ്ട്രീയ പാര്‍ട്ടിയല്ല. കേരളത്തിലെ യുവാക്കളുടെ വിഷയങ്ങള്‍ ഉള്‍പ്പടെ അഡ്രസ് ചെയ്യും. യുവാക്കള്‍ ഇന്റെര്‍നെറ്റിന് അടിമയായി പോകരുതെന്നും അന്‍വര്‍ പറഞ്ഞു.
മഞ്ചേരിയിലെ പരിപാടിക്ക് ബംഗാളില്‍ നിന്ന് ആളെ ഇറക്കുന്നുണ്ടെന്നും പരിഹാസ രൂപേണ അന്‍വര്‍ പറഞ്ഞു. കേരളത്തിലെ സാധാരണക്കാരായ മനുഷ്യരാണ് പ്രബലര്‍. കേരളത്തിലെ ജനങ്ങളുടെ ജനാധിപത്യ മുന്നേറ്റമാണ് നടക്കുന്നത്. വേദിയില്‍ പലരെയും പ്രതീക്ഷിക്കാം. വീരചരിത്രം ഉറങ്ങുന്ന മണ്ണാണ് മഞ്ചേരി. സംസ്ഥാനത്തെ സാധാരണക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങളാണ് പറയുന്നതെന്നും കേവലം മണ്ഡലത്തിലേത് അല്ലെന്നും പി വി അന്‍വര്‍ വ്യക്തമാക്കി.
പി വി അന്‍വര്‍ ഇന്നലെ രാത്രിയില്‍ ഡിഎംകെ നേതാവ് എംകെ സ്റ്റാലിനുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഡിഎംകെയുടെ നിരീക്ഷകര്‍ ഇന്ന് പി വി അന്‍വറിന്റെ പാര്‍ട്ടിയുടെ സമ്മേളന വേദിയില്‍ എത്തിയേക്കും. ഒരു ലക്ഷം ആളുകളെ ഇന്നത്തെ പരിപാടിയില്‍ പങ്കെടുപ്പിക്കുമെന്നാണ് പിവി അന്‍വര്‍ വ്യക്തമാക്കിയിരിക്കുന്നത്.