15ാമത് യുക്മ ദേശീയ കലാമേളയ്ക്ക് പ്രൗഢ ഗംഭീരമായ തുടക്കം. യുകെ മലയാളികളുടെ വലിയ ആഘോഷങ്ങളിലൊന്നായി മാറിയ കലാമേളയിലെ വേദികള്‍ സജീവമായി.
ചെല്‍റ്റന്‍ഹാമിലെ ക്ലീവ് സ്‌കൂളില്‍ ആറു വേദികളും പ്രതിഭകളുടെ കലാമത്സരങ്ങളിലൂടെ സജീവമായി.
ആയിരക്കണക്കിന് കലാകാരന്മാര്‍ മാറ്റുരയ്ക്കുമ്പോള്‍ കടുത്ത മത്സരമാണ് നടക്കുന്നത്.
കൃത്യം ഒമ്പതര മണിക്കു തന്നെ ആദ്യ പരിപാടി വേദിയിലെത്തി. കൃത്യമായ മുന്നൊരുക്കത്തോടെ ചിട്ടയായ പ്രവര്‍ത്തനങ്ങളാണ് ഇത്രയധികം മത്സരാര്‍ത്ഥികളെ ഉള്‍ക്കൊള്ളിക്കുന്ന കലാമേള മികച്ചതാക്കുന്നത്.
യുക്മ പ്രസിഡന്റ് ബിജു പെരിങ്ങത്തറ ഉദ്ഘാടന സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. ആഷ്‌ഫോര്‍ഡ് പാര്‍ലമെന്റ് അംഗം സോജന്‍ ജോസഫാണ് കലാമേള ഉത്ഘാടനം നിര്‍വ്വഹിച്ചത്.യുക്മയുടെ പ്രവര്‍ത്തനങ്ങള്‍ ചരിത്രത്തില്‍ ഓര്‍മ്മിക്കേണ്ടത്, മലയാളി സമൂഹത്തിന് യുക്മയുടെ സംഭാവന മികച്ചതെന്നും സോജന്‍ ജോസഫ് തന്റെ ഉത്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
യോഗത്തില്‍ സോജന്‍ ജോസഫ് എംപിയെ യുക്മ ദേശീയ സമിതി ആദരിച്ചു. കണ്‍സര്‍വേറ്റിവ് മണ്ഡലത്തില്‍ വാശിയേറിയ മത്സരത്തില്‍ വിജയിച്ച് വലിയ നേട്ടം ഉണ്ടാക്കിയ സോജന്‍ ജോസഫ് യുകെ മലയാളികള്‍ക്കാകെ അഭിമാനമാണെന്ന് എംപിയെ ആദരിച്ച് കൊണ്ട് യുക്മ പ്രസിഡന്റ് പറഞ്ഞു.
മികച്ച കഥാപാത്രങ്ങളിലൂടെ മനസു കീഴടക്കിയ നടി ദുര്‍ഗ്ഗയ്ക്കും ആദരമര്‍പ്പിച്ചു.
യുക്മ ജനറല്‍ സെക്രട്ടറി കുര്യന്‍ ജോർജ്ജ് ഏവരേയും പരിപാടിയിലേക്ക് സ്വാഗതമേകി.
യുക്മയ്ക്കായി നിരവധി സിനിമകളില്‍ ശ്രദ്ധേയ വേഷം ചെയ്ത ദുര്‍ഗ്ഗ കൃഷ്ണയാണ് സെലിബ്രിറ്റി ഗെസ്റ്റായി എത്തിയത്.കലാമേളകളില്‍ ആസ്വദിച്ച് അവതരിപ്പിക്കണമെന്ന് തന്റെ കലാമേളകളുടെ അനുഭവം പങ്കുവച്ച് ദുര്‍ഗ്ഗ കൃഷ്ണ പറഞ്ഞു
ഒരു കലാകാരന്‍ സംതൃപ്തിയോടെ കലകള്‍ ആസ്വദിച്ച് അവതരിപ്പിക്കണം, സമ്മാനങ്ങള്‍ തേടിയെത്തും, പിരിമുറുക്കം ഒഴിവാക്കി കലയെ ആസ്വദിച്ച് ചെയ്യുകയാണ് വേണ്ടതെന്ന് ദുര്‍ഗ്ഗ പറഞ്ഞു. വലിയ കൈയ്യടിയോടെയാണ് ദുര്‍ഗ്ഗയുടെ ഈ വാക്കുകള്‍ കാണികള്‍ സ്വീകരിച്ചത്.
യുക്മ ദേശീയ ഭാരവാഹികള്‍ യോഗത്തില്‍ സന്നിഹിതരായിരുന്നു. ഇത്രയും വലിയൊരു കലാമത്സരം മികച്ചതാക്കാന്‍ പ്രവര്‍ത്തിച്ച ഏവരേയും ഒപ്പം പങ്കെടുത്ത ഏവര്‍ക്കും ജനറല്‍ കണ്‍വീനര്‍ ജയകുമാര്‍ നായര്‍ യോഗത്തില്‍ നന്ദി പറഞ്ഞു.
തിരുവാതിര കളിയോടെ യുക്മ വേദി സജീവമായി.