ഹമാസ് ബന്ദികളാക്കിയവരെ ജനുവരി 20ന് മുന്‍പ് വിട്ടയക്കണമെന്ന് നിയുക്ത യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇല്ലെങ്കില്‍ കനത്ത വില നല്‍കേണ്ടി വരുമെന്നാണ് ഡോണള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. താന്‍ അധികാരം ഏറ്റെടുക്കും മുമ്പ് മുഴുവന്‍ ബന്ദികളെയും വിട്ടയക്കണമെന്നും ഡോണള്‍ഡ് ട്രംപ് അന്ത്യ ശാസന നല്‍കി. അമേരിക്ക ഇതുവരെ നടത്തിയ പ്രത്യാക്രമണങ്ങളെക്കാള്‍ ഏറ്റവും വലിയ തിരച്ചടിയാകും നടത്തുകയെന്നും ട്രംപ് പറഞ്ഞു.
14 മാസമായി തുടരുന്ന ഇസ്രായേല്‍-ഹമാസ് പോരാട്ടം അവസാനിപ്പിക്കുന്നതിനോ, ബന്ദികളെ മോചിപ്പിക്കാനോ കഴിഞ്ഞിട്ടില്ല. ഇസ്രായേലിന് താന്‍ ഉറച്ച പിന്തുണ നല്‍കുമെന്ന് തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ട്രംപ് വ്യക്തമാക്കിയിരുന്നു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ അടുത്ത സുഹൃത്തുമാണ് ട്രംപ്. 2023 ഒക്ടോബര്‍ ഏഴിനാണ് ഹമാസ് ഭീകരര്‍ ഇസ്രായേലില്‍ ആക്രമണം നടത്തുകയും 251 പേരെ ബന്ദികളാക്കുകയും ചെയ്തത്.
ഈജിപ്ത് തലസ്ഥാനമായ കയ്റോയില്‍ സമാധാനചര്‍ച്ച നടക്കവേ ഗാസയില്‍ ബോംബാക്രണം തുടരുകയാണ് ഇസ്രയേല്‍. നുസെയ്റത്ത്, ഗാസാ സിറ്റി, റാഫ, ജബലിയ, ബെയ്ത് ലഹിയ, ബെയ്ത് ഹനൂന്‍ എന്നിവിടങ്ങളിലായിരുന്നു ആക്രമണം. ബന്ദിമോചനം, തടവുകാരുടെ കൈമാറ്റം എന്നിവയെക്കുറിച്ച് കയ്റോയില്‍ ഹമാസ് നേതാക്കളും ഈജിപ്ത് സുരക്ഷാ ഉദ്യോഗസ്ഥരും ചര്‍ച്ചചെയ്തിരുന്നു.