മകന്‍ ഹണ്ടര്‍ ബൈഡന്‍ ചെയ്ത എല്ലാ കുറ്റകൃത്യങ്ങള്‍ക്കും പ്രസിഡന്റിന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് മാപ്പ് നല്‍കിയ ജോ ബൈഡന്റെ തീരുമാനത്തിനെതിരെ അമേരിക്കയില്‍ വ്യാപക പ്രതിഷേധം. നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അതിരൂക്ഷ വിമര്‍ശനാണ് ബൈഡനെതിരെ നടത്തിയത്. നിയമം സംരക്ഷിക്കേണ്ട പ്രസിഡന്റ് തന്നെ നിയമത്തെ ദുരുപയോഗം ചെയ്യകയാണെന്നാണ് ട്രംപ് പ്രതികരിച്ചത്.
ബൈഡന്‍ മാപ്പ് നല്‍കിയവരുടെ പട്ടികയില്‍ ക്യാപ്പിറ്റോള്‍ കലാപത്തിലെ പ്രതികളുണ്ടോയെന്നും ട്രംപ് ചോദിച്ചു. ബൈഡന്‍ ചെയ്തത് നീതി നിഷേധമാണെന്നും ട്രംപ് സമൂഹ മാധ്യമത്തില്‍ കുറിച്ചു. ട്രംപിന് പിന്നാലെ കൂടുതല്‍ നേതാക്കള്‍ ബൈഡനെ വിമര്‍ശിച്ച് രംഗത്തെത്തി. മകന്‍ ഹണ്ടറെ ക്രിമിനല്‍ കുറ്റങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ ബൈഡന്‍ അധികാരം ദുര്‍വിനിയോഗം ചെയ്‌തെന്ന് റിപ്പബ്ലിക്കന്‍ നേതാക്കള്‍ ആരോപിച്ചു.
അതേസമയം ബൈഡനെ ന്യായീകരിച്ച് വൈറ്റ് ഹൗസ് രംഗത്തെത്തി. രാജ്യത്തെ നിയമ വ്യവസ്ഥക്ക് അകത്തുള്ള കാര്യങ്ങള്‍ മാത്രമേ പ്രസിഡന്റ് ചെയ്തിട്ടുള്ളുവെന്നാണ് വൈറ്റ് ഹൗസിന്റെ വിശദീകരണം. തന്റെ മകനാണെന്ന കാരണത്താല്‍ ഹണ്ടര്‍ ബൈഡന്‍ വേട്ടയാടപ്പെടുകയായിരുന്നുവെന്ന് അവകാശപ്പെട്ടുകൊണ്ടാണ് നേരത്തെ ബൈഡന്‍ മാപ്പ് നല്‍കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. അനധികൃതമായി തോക്ക് കൈവശം വച്ച കേസിലും നികുതി വെട്ടിപ്പ് കേസുകളിലും ഹണ്ടര്‍ ബൈഡന്‍ പ്രതിയായിരുന്നു. ഈ കേസുകളിലാണ് പ്രസിഡന്റ് മാപ്പ് നല്‍കിയത്.