ബിര്‍മിങ്ഹാമിന്റെ മണ്ണിനെ ആവേശംകൊള്ളിച്ച്, സമീക്ഷ യുകെ ഏഴാം ദേശീയ സമ്മേളനം സമാപിച്ചു. പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്താണ് പ്രതിനിധി സമ്മേളനത്തിന് തിരശീല വീണത്. രാജി ഷാജിയാണ് സമീക്ഷയുടെ പുതിയ നാഷണല്‍ പ്രസിഡന്റ്. നാഷണല്‍ സെക്രട്ടറിയായി ജിജു സൈമണെയും തിരഞ്ഞെടുത്തു.
അഡ്വ.ദിലീപ് കുമാറാണ് പുതിയ ട്രഷറര്‍. പ്രവീണ്‍ രാമചന്ദ്രന്‍ വൈസ് പ്രസിഡന്റും ഉണ്ണികൃഷ്ണന്‍ ബാലന്‍ ജോയിന്റ് സെക്രട്ടറിയുമാകും. ഇവര്‍ക്ക് പുറമെ ശ്രീകാന്ത് കൃഷ്ണന്‍, അരവിന്ദ് സതീഷ്, ബൈജു നാരായണന്‍, ബാലചന്ദ്രന്‍ ചിയിമടത്തില്‍ എന്നിവരെ സെക്രട്ടേറിയറ്റ് അംഗങ്ങളായി ഉള്‍പ്പെടുത്തി. 21 അംഗ നാഷണല്‍ കമ്മിറ്റിയിലേക്ക് ഗ്ലീറ്റര്‍ കോട്ട്‌പോള്‍, ബൈജു പി കെ, ആതിര രാമചന്ദ്രന്‍, ദീപ്തി ലൈജു സ്‌കറിയ,എബിന്‍ സാബു, സ്വരൂപ് കൃഷ്ണന്‍, ജോബി കെ, ഫിതില്‍ മുത്തുക്കോയ, ആന്റണി ജോസഫ്, സാം കൊക്കുംപറമ്പില്‍, അജീഷ് ഗണപതിയാടന്‍, ബിനു കോശി എന്നിവരെയും തെരഞ്ഞെടുത്തു.
ഏരിയാ, യൂണിറ്റ് കമ്മിറ്റികള്‍ പോലെ ദേശീയ നേതൃത്വത്തില്‍ യുവാക്കള്‍ക്കും വനിതകള്‍ക്കും പ്രാമുഖ്യം നല്‍കിയിട്ടുണ്ട്. സീതാറാം യെച്ചൂരി നഗറില്‍ (നേം പാരിഷ് സെന്റര്‍ ഹാള്‍) നടന്ന സമ്മേളനത്തില്‍ 33 യൂണിറ്റുകളില്‍ നിന്നായി 145 പ്രതിനിധികള്‍ പങ്കെടുത്തു. പ്രവര്‍ത്തന റിപ്പോര്‍ട്ട് മുന്‍ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി അവതരിപ്പിച്ചു. റിപ്പോര്‍ട്ടിനെ അധികരിച്ച് നടന്ന ചര്‍ച്ചയില്‍ സംഘടനയെ ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ നിര്‍ദേശങ്ങള്‍ ഉയര്‍ന്നുവന്നു. നയരൂപീകരണത്തിനൊപ്പം അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള പ്രവര്‍ത്തന പരിപാടികളും സമ്മേളനം ആസൂത്രണം ചെയ്തു. ഭാസ്‌കരന്‍ പുരയില്‍ അനുശോചന പ്രമേയം വായിച്ചു. സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍മന്ത്രിയുമായ കെ കെ ശൈലജ ടീച്ചര്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. ജൂലൈ അവസാന വാരം നോര്‍ത്താംപ്റ്റണില്‍ ആയിരുന്നു സമീക്ഷയുടെ ആദ്യ യൂണിറ്റ് സമ്മേളനം. ദേശീയ സമ്മേളനത്തോടെ നാല് മാസം നീണ്ടുനിന്ന സമ്മേളനകാലത്തിന് വിട പറയുകയാണ്.
പുതിയ കാലത്തിനൊത്ത് പുതിയ ശൈലിയുമായി സമീക്ഷയുടെ പുതിയ നേതൃത്വം യുകെയിലെ മലയാളികള്‍ക്കൊപ്പം ഇനിയും ഉണ്ടാകും.
നാഷണല്‍ സെക്രട്ടേറിയറ്റ്
സമീക്ഷ യുകെ