പലസ്തീനികളെ വീടുകളില്‍ നിന്ന് പുറത്തിറക്കാന്‍ ഇസ്രയേല്‍ സൈന്യം കരയുന്ന കുട്ടികളുടെയും സഹായത്തിന് നിലവിളിക്കുന്ന സ്ത്രീകളുടെയും ശബ്ദങ്ങള്‍ ഉപയോഗിച്ചതായി റിപ്പോര്‍ട്ട്.
ഡ്രോണുകളില്‍ നിന്ന് ഇത്തരം ശബ്ദങ്ങള്‍ കേള്‍പ്പിക്കുകയും അത് കേട്ട് വീടുകളില്‍ നിന്നും അഭയാര്‍ത്ഥി ക്യാമ്പുകളില്‍ നിന്നും പുറത്തിറങ്ങുന്നവര്‍ക്ക് നേരെ ഡ്രോണുകളില്‍ നിന്നുതന്നെ വെടിവെയ്ക്കുകയുമായിരുന്നു എന്നാണ് മനുഷ്യാവകാശ സംഘടനയായ യൂറോ - മെഡ് ഹ്യൂമണ്‍ റൈറ്റ്‌സ് മോണിട്ടറിന്റെ ഭാരവാഹിയും മാധ്യമ പ്രവര്‍ത്തകയുമായ മാഹാ ഹുസൈനി പറഞ്ഞു. ഇക്കഴിഞ്ഞ ഏപ്രിലിലാണ് ഇത്തരം അനുഭവം ഉണ്ടായത്.
ഇസ്രയേല്‍ സേനയുടെ ക്വാഡ് കോപ്റ്റര്‍ ഡ്രോണുകള്‍ കുട്ടികളുടേതും സ്ത്രീകളുടേതും ഉള്‍പ്പെടെയുള്ള ശബ്ദങ്ങള്‍ പുറപ്പെടുവിച്ച് ആളുകളെ കെട്ടിടങ്ങളില്‍ നിന്ന് പുറത്തേക്കിറങ്ങാന്‍ പ്രേരിപ്പിക്കുന്നത് സംബന്ധിച്ച് വിവരം ലഭിച്ചു. പിന്നീട് ഗാസയിലെ നുസൈറത്തിലേക്ക് നേരിട്ട് പോയ തന്നോട് അവിടെ കണ്ട പലസ്തീനികളില്‍ പലരും ഇതേ അനുഭവം തന്നെ പറഞ്ഞതായും മാഹാ ഹുസൈനി പറഞ്ഞു. ആശുപത്രികളുടെ രേഖകളിലും ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. സഹായത്തിനായി നിലവിളിക്കുന്ന സ്ത്രീകളുടെ ശബ്ദം കേട്ട് എന്താണെന്ന് അറിയാന്‍ വീടിന് പുറത്തേക്ക് ഇറങ്ങിയപ്പോള്‍ വെടിയേറ്റ നിരവധിപ്പേരുടെ അനുഭവങ്ങളുണ്ടെന്നും വെടിവെച്ച് കൊല്ലാന്‍ ആളുകളെ കണ്ടെത്തിയിരുന്നത് ഇത്തരത്തിലായിരുന്നുവെന്നും അവര്‍ പറഞ്ഞു.