ആലപ്പുഴയിലെ ബീച്ച് ആശുപത്രിയില്‍ ചികിത്സ പിഴവിനെ തുടര്‍ന്ന് ഗുരുതര വൈകല്യങ്ങളോടെ ജനിച്ച നവജാത ശിശുവിന്റെ കുടുംബം സര്‍ക്കാര്‍ അവഗണനക്കെതിരെ സമരത്തിനൊരുങ്ങുന്നു. കുഞ്ഞിന്റെ ചികിത്സ ഏറ്റെടുക്കുമെന്ന് പറഞ്ഞ ആരോഗ്യ വകുപ്പ് കഴിഞ്ഞ ദിവസം വിവിധ പരിശോധനകള്‍ക്കായി പണം ഈടാക്കി. ഡോക്ടര്‍മാര്‍ക്കെതിരായ നടപടിയും വൈകുകയാണെന്നാണ് കുടുംബത്തിന്റെ ആരോപണം.
കടപ്പുറത്തെ വനിത ശിശു ആശുപത്രിക്ക് മുന്നില്‍ സമരം ചെയ്യാനാണ് കുടുംബത്തിന്റെ നീക്കം. ഗര്‍ഭകാലപരിചരണത്തിലും ചികിത്സയിലുമുണ്ടായ പിഴവാണ് കുട്ടിക്ക് ഗുരുതര വൈകല്യങ്ങളുണ്ടാകാന്‍ കാരണമെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. കുട്ടിയുടെ തുടര്‍ചികിത്സയെല്ലാം സൗജന്യമായിരിക്കുമെനന്നായിരുന്നു ആരോഗ്യ മന്ത്രി വീണ ജോര്‍ജിന്റെ ഉറപ്പ്. എന്നാല്‍ കഴിഞ്ഞ ദിവസം ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കുഞ്ഞിനെ വിവിധ പരിശോധനകള്‍ക്കെത്തിച്ചപ്പോള്‍ പണം ഈടാക്കിയെന്നാണ് മാതാപിതാക്കള്‍ പറയുന്നത്.
അലപ്പുഴ ലജനത്ത് വാര്‍ഡില്‍ താമസിക്കുന്ന അനീഷ് മുഹമ്മദിന്റെയും സുറുമിയുടേയും മൂന്നാമത്തെ കുഞ്ഞിനാണ് ജന്മനാല്‍ ഗുരുതര വൈകല്യങ്ങളുണ്ടായത്. ഗര്‍ഭകാലത്ത് എഴുതവണ സ്‌കാനിങ്ങ് നടത്തിയിട്ടും വൈകല്യങ്ങള്‍ കണ്ടെത്താനായില്ലെന്നായിരുന്നു പരാതി. സംഭവത്തില്‍ വീഴ്ച വരുത്തിയ ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്കെതിരെ നടപടി വൈകുന്നെന്നും കുടുംബത്തിന് പരാതിയുണ്ട്. ആലപ്പുഴ വനിതാ ശിശു ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കൂടുതല്‍ ചികിത്സാ രേഖകള്‍ ഹാജരാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടെങ്കിലും ഇല്ലെന്നായിരുന്നു കടപ്പുറം ആശുപത്രിയുടെ മറുപടി.