കോട്ടയം പാലായില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ ചേര്‍ന്ന് റാഗ് ചെയ്യുകയും വിവസ്ത്രനാക്കി മര്‍ദിക്കുകയും ചെയ്തതായി പിതാവിന്റെ പരാതി. കുട്ടിയെ ശാരീരികമായി ഉപദ്രവിക്കുകയും വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തു എന്നാണ് പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നത്. പാലാ സെന്റ് തോമസ് സ്‌കൂളിലെ ഏഴ് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നാണ് വിദ്യാര്‍ത്ഥിയെ ഉപദ്രവിച്ചത്. സംഭവം റാഗിങ് പരിധിയില്‍ വരുമെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടക്കുന്നത്. കൂട്ടുകാര്‍ ചേര്‍ന്ന് വിദ്യാര്‍ത്ഥിയെ ബലമായി പിടിച്ച് വിവസ്ത്രനാക്കുകയും തുടര്‍ന്ന് വീഡിയോ എടുക്കുകയുമായയിരുന്നു. ഒന്നിലധികം തവണ ഇത് ആവര്‍ത്തിച്ചതായും പരാതിയില്‍ സൂചിപ്പിക്കുന്നു. കുട്ടിയുടെ നഗ്നത കലര്‍ന്ന ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പ്രചരിപ്പിച്ചു എന്നാണ് പിതാവ് പാലാ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്.ആരോപണത്തില്‍ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വനിത ശിശുവികസന വകുപ്പ് ഡയറക്ടറോട് റിപ്പോര്‍ട്ട് തേടി.
ഇന്‍സ്റ്റാഗ്രാമില്‍ വീഡിയോ കണ്ടപ്പോഴാണ് തങ്ങള്‍ ഇക്കാര്യം അറിയുന്നതെന്നും വിദ്യാര്‍ത്ഥിയുടെ പിതാവ് പറഞ്ഞു.സംഭവത്തില്‍ പാലാ പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങി. സിഡബ്ല്യുസി പൊലീസിനോടും സ്‌കൂളിനോടും വിശദീകരണം തേടിയിട്ടുണ്ട്. സ്‌കൂളില്‍ വെച്ച് നടന്ന അതിക്രമം അറിഞ്ഞില്ലെന്നാണ് അധ്യാപകരുടെയും മാനേജമെന്റിന്റെയും വിശദീകരണം. എന്നാല്‍, കുട്ടിയുടെ പരാതി കിട്ടിയ സാഹചര്യത്തില്‍ ദൃശ്യങ്ങളില്‍ ഉള്ള വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നു സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.