CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Minutes 55 Seconds Ago
Breaking Now

'ഇസ്രയേലിനെയും അമേരിക്കയെയും ലക്ഷ്യം വെച്ചുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍'; ഐസിസിക്ക് ഉപരോധം ഏര്‍പ്പെടുത്തി ട്രംപ്

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും മുന്‍ പ്രതിരോധ മന്ത്രി യോവ് ഗാല്ലന്റിനുമെതിരെ പുറപ്പെടുവിച്ച അറസ്റ്റ് വാറന്റിനെയും ഉത്തരവില്‍ വിമര്‍ശിക്കുന്നുണ്ട്.

രണ്ടാമതും ഭരണത്തിലേറിയതിന് പിന്നാലെ കടുത്ത നടപടികള്‍ തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അന്താരാഷ്ട്ര ക്രിമിനല്‍ കോടതിക്കും ഉദ്യോഗസ്ഥര്‍ക്കും ട്രംപ് ഉപരോധം ഏര്‍പ്പെടുത്തി. കോടതിക്ക് മോശം പെരുമാറ്റമാണെന്ന് ആരോപിച്ച ട്രംപ് ഉപരോധമേര്‍പ്പെടുത്തിയ എക്സിക്യൂട്ടീവ് ഓര്‍ഡറില്‍ ഒപ്പുവെച്ചു. അമേരിക്കയെയും ഇസ്രയേല്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെയും ലക്ഷ്യം വെച്ചുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഐസിസി നടത്തുന്നുവെന്നും ഉത്തരവില്‍ വിമര്‍ശനമുണ്ട്. ഐസിസിക്കുള്ള സാമ്പത്തിക സഹായം അവസാനിപ്പിക്കുമെന്നും ട്രംപ് അറിയിച്ചു.

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും മുന്‍ പ്രതിരോധ മന്ത്രി യോവ് ഗാല്ലന്റിനുമെതിരെ പുറപ്പെടുവിച്ച അറസ്റ്റ് വാറന്റിനെയും ഉത്തരവില്‍ വിമര്‍ശിക്കുന്നുണ്ട്. ഐസിസിയുടെ സ്ഥാപക രേഖയായ റോം ചട്ടത്തില്‍ അമേരിക്കയോ ഇസ്രയേലോ കക്ഷികളല്ലെന്ന് ട്രംപ് പറഞ്ഞു.

'ഇസ്രയേലിനും അമേരിക്കയ്ക്കുമെതിരെ ഐസിസിയെടുത്ത അടുത്ത കാലത്തെ നടപടികള്‍ അപകടകരമായ മാതൃക സൃഷ്ടിച്ചു. ഐസിസിയുടെ ദുഷിച്ച പെരുമാറ്റം അമേരിക്കയുടെ പരമാധികാരം ലംഘിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു. അമേരിക്കന്‍ സര്‍ക്കാരിന്റെയും ഇസ്രയേല്‍ ഉള്‍പ്പെടെയുള്ള ഞങ്ങളുടെ സഖ്യകക്ഷികളുടെയും ദേശീയ സുരക്ഷയെയും വിദേശ നയ പ്രവര്‍ത്തനങ്ങളെയും ദുര്‍ബലപ്പെടുത്തുന്നു', ട്രംപ് പറഞ്ഞു.

ഐസിസി അന്വേഷണങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ അമേരിക്കയിലുള്ള സ്വത്തുക്കള്‍ മരവിപ്പിക്കുമെന്നും ഇവര്‍ക്ക് അമേരിക്കയിലെ പ്രവേശനം നിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഐസിസി ഉദ്യേഗസ്ഥര്‍ക്കും കുടുംബാംഗങ്ങള്‍ക്കും അമേരിക്കയില്‍ നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. അമേരിക്കയ്ക്കും സഖ്യകക്ഷികള്‍ക്കുമെതിരായ ഐസിസി അന്വേഷണങ്ങള്‍ അന്യായവും രാഷ്ട്രീയപ്രേരിതവുമാണെന്നാണ് ട്രംപ് ഭരണകൂടം പറയുന്നത്.

നേരത്തെ, 2020ലെ ട്രംപ് ഭരണത്തിലും പ്രോസിക്യൂട്ടര്‍ ഫാറ്റൂ ബെന്‍സൗഡയ്ക്കും മുതിര്‍ന്ന സഹായിക്കും അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനില്‍ അമേരിക്കന്‍ സൈന്യം യുദ്ധക്കുറ്റങ്ങള്‍ നടത്തിയെന്ന ആരോപണത്തെ തുടര്‍ന്നുള്ള അന്വേഷണത്തിന് മറുപടിയായിരുന്നു ഉപരോധം. അതേസമയം അമേരിക്കന്‍ ഉപരോധം ഐസിസിയ്ക്ക് വെല്ലുവിളിയാകുമെന്നാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.