ജസ്റ്റിന്‍ ട്രൂഡോയുടെ പകരക്കാരനായി മാര്‍ക്ക് കാര്‍ണി കാനഡയുടെ പുതിയ പ്രധാനമന്ത്രിയാകും. ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ മുന്‍ ധനമന്ത്രി ക്രിസ്റ്റ്യ ഫ്രീലാന്‍ഡിനെ ബഹുദൂരം പിന്നിലാക്കിയാണ് കാര്‍ണി ജസ്റ്റിന്‍ ട്രൂഡോയ്ക്ക് പകരക്കാരനാകുന്നത്.
നേരത്തേ ബാങ്ക് ഓഫ് കാനഡയുടെയും ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെയും ഗവര്‍ണറായിരുന്നു. ലിബറല്‍ പാര്‍ട്ടി പ്രസിഡന്റ് സച്ചിത് മെഹ്‌റയാണു കാര്‍നിയുടെ വിജയം പ്രഖ്യാപിച്ചത്.
2008 മുതല്‍ 2013 വരെ ബാങ്ക് ഓഫ് കാനഡയുടെ എട്ടാമത്തെ ഗവര്‍ണറായിരുന്നു. 2011 മുതല്‍ 2018 വരെ ഫിനാന്‍ഷ്യല്‍ സ്റ്റെബിലിറ്റി ബോര്‍ഡിന്റെ ചെയര്‍മാനായി. 2008ലെ സാമ്പത്തികമാന്ദ്യത്തില്‍ അകപ്പെടാതെ കാനഡയെ പ്രതിരോധിച്ചു.
ലിബറല്‍ പാര്‍ട്ടിയിലെ 86 ശതമാനത്തോളം പേരും കാര്‍ണിയെ പിന്തുണച്ചു. വ്യാപാര രംഗത്ത് കാനഡ -അമേരിക്ക തര്‍ക്കം രൂക്ഷമായി തുടരുന്നതിനിടെയാണ് കടുത്ത ട്രംപ് വിമര്‍ശകന്‍ കൂടിയായ കാര്‍ണി പ്രധാനമന്ത്രി പദത്തിലെത്തുന്നത്.
കാനഡ ശക്തമാണെന്ന്, പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ആദ്യ പ്രസംഗത്തില്‍ കാര്‍നി പറഞ്ഞു. വിശ്വസനീയ വ്യാപാര പങ്കാളികളുമായി ഉറച്ച ബന്ധത്തിനാണ് ആഗ്രഹം. ട്രംപിന്റെ താരിഫ് ഭീഷണികളെ കണക്കിലെടുക്കുന്നില്ല. അദ്ദേഹം വിജയിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല. സ്വതന്ത്രവും നീതിയുക്തവുമായ വ്യാപാരത്തിനു കാനഡയുമായി യുഎസ് കൈകോര്‍ക്കണമെന്നും അദേഹം പറഞ്ഞു.