സ്വതന്ത്ര ബലൂചിസ്ഥാനുവേണ്ടി പോരാടുന്ന ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) തട്ടിയെടുത്ത ട്രെയിനില്‍ നിന്ന് 104 പേരെ മോചിപ്പിച്ചു. സുരക്ഷാ സേനയും ബിഎല്‍എയും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. 13 വിഘടനവാദികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ഏറ്റുമുട്ടലിനിടെ നിരവധി യാത്രക്കാര്‍ക്കും പരിക്കേറ്റു. ട്രെയിനില്‍ 450 യാത്രക്കാരുണ്ടായിരുന്നു. 100 ഓളം പേര്‍ ഇപ്പോഴും ബന്ദികളാണ്.
രാവിലെ ഒമ്പതിന് ബലൂചിസ്ഥാനിലെ ക്വെറ്റയില്‍ നിന്ന് ഖൈബര്‍ പഖ്തൂന്‍ഖ്വ പ്രവിശ്യയിലെ പെഷവാറിലേക്ക് പോയ ജാഫര്‍ എക്സ്പ്രസാണ് തട്ടിയെടുത്തത്. ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ ബോലനിലെ മുഷ്ഖാഫ് മേഖലയിലായിരുന്നു സംഭവം. പര്‍വതങ്ങളാല്‍ ചുറ്റപ്പെട്ട മേഖലയില്‍ ട്രെയിന്‍ തുരങ്കത്തിന് സമീപം എത്തിയപ്പോഴാണ് ആക്രമിച്ചത്. ബലൂചിസ്ഥാന്‍ പ്രവിശ്യാ സര്‍ക്കാരും പാക്‌സൈന്യവും ബന്ദികളെ മോചിപ്പിക്കാനുള്‌ല ദൗത്യത്തിലാണ്. പാകിസ്ഥാന്‍ സൈനിക നടപടിക്ക് മുതിര്‍ന്നാല്‍ ബന്ദികളെ വധിക്കുമെന്ന് ബിഎല്‍എ വക്താവ് ജിയാന്‍ഡ് ബലൂച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കച് ജില്ലയിലെ പെറു കാന്റി മേഖലയിലെ റെയില്‍വേ ട്രാക്കുകളില്‍ ഒന്ന് പ്രക്ഷോഭകാരികള്‍ തകര്‍ത്തു. എട്ടാം നമ്പര്‍ തുരങ്കത്തിന് സമീപത്തുവച്ച് ട്രെയിനുനേരെ വെടിയുതിര്‍ത്തു. ലോക്കോ പൈലറ്റിനെ കൊലപ്പെടുത്തിയ ശേഷം ബിഎല്‍എ ട്രെയിന്‍ നിയന്ത്രണത്തിലാക്കുകയായിരുന്നു. പാകിസ്ഥാന്റെയും ഇറാന്റെയും അതിര്‍ത്തി മേഖലയിലാണ് ബലൂചിസ്ഥാന്‍ പ്രവിശ്യ. പര്‍വത മേഖലയായതിനാല്‍ പാക് സൈന്യത്തിന് പെട്ടെന്ന് മുന്നേറാനാവില്ല. പ്രക്ഷോഭകാരികളുടെ ആക്രമണം ചെറുക്കാനും ബുദ്ധിമുട്ടാണ്. സ്വതന്ത്ര രാഷ്ട്രത്തിനു വേണ്ടി പോരാടുന്ന വിവിധ സായുധ ഗ്രൂപ്പുകളില്‍ പ്രബലരാണ് ലിബറേഷന്‍ ആര്‍മി.