സഹോദരങ്ങളും ഭാര്യമാരും ചേര്‍ന്ന് അമ്മയെ കൊലപ്പെടുത്തിയെന്ന് പരാതി. ഉത്തര്‍ പ്രദേശ് സ്വദേശിനിയായ പവിത്ര ദേവിയുടെ മരണത്തിലാണ് മകന്‍ ദുരൂഹത ആരോപിച്ചത്. പവിത്ര ദേവി രണ്ട് വര്‍ഷം മുമ്പാണ് മരിച്ചത്. മരണ ശേഷം നടത്തിയ ആന്തരികാവയവ പരിശോധനയുടെ ഫലം പുറത്തു വന്നതോടെയാണ് മക്കളിലൊരാളായ യോഗേന്ദ്ര സിംഗ് യാദവ് സഹോദരങ്ങള്‍ക്കും അവരുടെ ഭാര്യമാര്‍ക്കും എതിരെ ആരോപണം ഉന്നയിക്കുന്നത്. വിഷം ഉള്ളില്‍ ചെന്നതാണ് മരണ കാരണം എന്നാണ് പരിശോധനാ ഫലത്തില്‍ പറയുന്നത്.
പവിത്ര ദേവിയെ തന്റെ സഹോദരങ്ങളായ രവീന്ദ്ര പാല്‍, ബിജേന്ദ്ര പാല്‍, നരേന്ദ്ര പാല്‍ എന്നിവര്‍ ചേര്‍ന്ന് വിഷം നല്‍കി കൊലപ്പെടുത്തുകയായിരുന്നു എന്നും ഇവരുടെ ഭാര്യമാരുടെ അറിവോടെയാണ് വിഷം നല്‍കിയത് എന്നുമാണ് യോഗേന്ദ്ര പറയുന്നത്. മരണ ശേഷം പോസ്റ്റ് മോര്‍ട്ടം നടത്തിയിരുന്നെങ്കിലും ആന്തരാവയവങ്ങളുടെ പരിശോധനാ ഫലം വന്നത് വൈകിയാണെന്ന് പൊലീസ് പറഞ്ഞു.
സ്വത്തിന് വേണ്ടിയായിരുന്നു കൊലപാതകം എന്നാണ് യോഗേന്ദ്രയുടെ വാദം. ഇയാള്‍ നല്‍കിയ പരാതിയില്‍ ഇയാളുടെ സഹോദരങ്ങള്‍ക്കെതിരെ പൊലീസ് കേസെടുത്തു. തന്റെ ജീവന് ഭീഷണിയുള്ളതായി അമ്മ പറഞ്ഞിട്ടുണ്ടെന്ന് യോഗേന്ദ്ര പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും ജലേസര്‍ പോലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ പറഞ്ഞു.