ഇന്ത്യ തീരുവ കുറയ്ക്കാന്‍ സമ്മതിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യ അമേരിക്കയില്‍ നിന്ന് ഈടാക്കുന്നത് ഭീമമായ താരിഫാണ്. അതിനാല്‍ ഇന്ത്യയില്‍ ഒന്നും വില്‍ക്കാന്‍ പോലും കഴിയില്ല. തീരുവയിനത്തില്‍ എന്താണ് ചെയ്യുന്നതെന്ന് ബോധ്യപ്പെടുത്തിയപ്പോള്‍ ഇന്ത്യയിപ്പോള്‍ താരിഫ് കുറയ്ക്കാന്‍ സമ്മതിച്ചിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസില്‍ വെച്ച നടന്ന പത്രസമ്മേളനത്തിലായിരുന്നു ട്രംപിന്റെ പ്രതികരണം.
അതേസമയം, ട്രംപിന്റെ അവകാശവാദത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നിലപാട് വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ പാര്‍ലമെന്റിനെ മോദി വിശ്വാസത്തിലെടുക്കണമെന്ന് കോണ്‍ഗ്രസ് ജനറല്‍സെക്രട്ടറി ജയറാം രമേശ് ആവശ്യപ്പെട്ടു. നടന്നുകൊണ്ടിരിക്കുന്ന വ്യാപാര ചര്‍ച്ചകളില്‍ ഇന്ത്യന്‍ കര്‍ഷകരുടെയും നിര്‍മ്മാതാക്കളുടെയും താല്‍പ്പര്യങ്ങള്‍ വിട്ടുവീഴ്ച ചെയ്യപ്പെടുന്നുണ്ടോ എന്ന ആശങ്കയും പാര്‍ട്ടി പ്രകടിപ്പിച്ചിട്ടുണ്ട്.
'ഇന്ത്യയുടെ വാണിജ്യ മന്ത്രി പീയൂഷ് ഗോയല്‍ അമേരിക്കക്കാരുമായി വ്യാപാരം ചര്‍ച്ച ചെയ്യാന്‍ വാഷിംഗ്ടണിലേക്ക് പോയിരിക്കുകയാണ്. അതേ സമയം, ഇന്ത്യ തീരുവ കുറയ്ക്കാന്‍ സമ്മതിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് പറയുന്നു. മോദി സര്‍ക്കാര്‍ എന്താണ് സമ്മതിച്ചത്? ഇന്ത്യന്‍ കര്‍ഷകരുടെയും ഇന്ത്യന്‍ ഉല്‍പ്പാദനത്തിന്റെയും താല്‍പ്പര്യങ്ങള്‍ അപകടത്തിലാകുമോ? മാര്‍ച്ച് പത്തിന് പാര്‍ലമെന്റ് പുനരാരംഭിക്കുമ്പോള്‍ പ്രധാനമന്ത്രി ഈ കാര്യത്തില്‍ നിലപാട് വ്യക്തമാക്കണ'മെന്ന് ജയറാം രമേശ് തന്റെ ഔദ്യോഗിക എക്‌സ് പോസ്റ്റില്‍ കുറിച്ചു.
നരേന്ദ്ര മോദി സര്‍ക്കാരിന്റെ വ്യാപാര നയം വിനാശകരമാണെന്ന് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയും വിമര്‍ശിച്ചു. 'മെക്‌സികോ, കാനഡ തുടങ്ങിയ രാജ്യങ്ങള്‍ക്ക് ഒരു മാസത്തെ യുഎസ് താരിഫ് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ സാധിക്കുന്നുണ്ട്. പിന്നെ എന്തുകൊണ്ട് ഇന്ത്യയ്ക്ക് മാത്രം ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ കഴിയുന്നില്ല? പ്രസിഡന്റ് ട്രംപിന്റെ പുതിയ പ്രസ്താവന ഇന്ത്യയെ സംബന്ധിച്ചിടത്തോളം എന്താണ് അര്‍ത്ഥമാക്കുന്ന'തെന്നും പവന്‍ ഖേര ചോദിച്ചു.
'പതിറ്റാണ്ടുകളുടെ പരസ്പര സഹകരണത്തിലൂടെ കെട്ടിപ്പടുത്ത സുസ്ഥിരവും മൂല്യവത്തായതുമായ തന്ത്രപരമായ ബന്ധമാണ് ഇന്ത്യയും യുഎസും തമ്മിലുള്ളത്. ഡോ. മന്‍മോഹന്‍ സിംങും ജോര്‍ജ്ജ് ഡബ്ല്യു ബുഷും ചരിത്രപരമായ ഇന്ത്യ-യുഎസ് കരാറിന്റെ വിശദാംശങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. അത് പരസ്പരം പ്രയോജനമുളളവയുമായിരുന്നു. മന്‍മോഹന്‍ സിംങ് സ്വന്തം സര്‍ക്കാരിന്റെ രാഷ്ട്രീയ ഭാവിയെ അതിനായി പണയപ്പെടുത്തിയിരുന്നു. പക്ഷേ അത് ദേശീയ താല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ചായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരെ വിപരീതമാണ് ചെയ്യുന്നത്. ഇന്ത്യയുടെ ഒരു കേന്ദ്രമന്ത്രി യുഎസിന്റെ മണ്ണിലുണ്ട്. ഇന്ത്യ അതിന്റെ താരിഫ് കുറയ്ക്കാന്‍ സമ്മതിച്ചതായും അമേരിക്ക പറയുന്നു'.
'ഉയര്‍ന്ന യുഎസ് താരിഫുകളുടെ അനന്തരഫലങ്ങള്‍ ഇന്ത്യയ്ക്ക് വിനാശകരമായിരിക്കും. ഇതിലൂടെ ഇന്ത്യയുടെ ജിഡിപിയില്‍ പ്രത്യാഘാതങ്ങളുണ്ടായേക്കാം. വ്യാപാര കമ്മി ഗണ്യമായി ഉയര്‍ന്നേക്കാം. രൂപ കൂടുതല്‍ ദുര്‍ബലമാകുമെ'ന്നും പവന്‍ ഖേര പറഞ്ഞു