ഒരു കുഞ്ഞിനെ കൊന്നുവെന്നാരോപിച്ച് ഉത്തര്‍പ്രദേശിലെ ഷഹ്സാദി ഖാന്റെ വധശിക്ഷയെക്കുറിച്ച് അറിയിച്ച അതേ ദിവസം തന്നെ കൊലപാതകക്കുറ്റം ചുമത്തി യുഎഇയില്‍ രണ്ട് ഇന്ത്യക്കാരെ കൂടെ വധശിക്ഷക്ക് വിധേയരാക്കിയതായി ഫെബ്രുവരി 28 ന് വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചു. അതേസമയം, 33 കാരിയായ ഖാന്റെ മൃതദേഹം വ്യാഴാഴ്ച (മാര്‍ച്ച് 6) സംസ്‌കരിച്ചതായി വിദേശകാര്യ മന്ത്രാലയത്തിന്റെ ബാഹ്യ പ്രചാരണ വിഭാഗം അറിയിച്ചു.
മുഹമ്മദ് റിനാഷ് അരങ്ങിലോട്ട്, മുരളീധരന്‍ പെരുംതട്ട വളപ്പില്‍ എന്നിവരെയാണ് ഷഹ്സാദി ഖാനെ കൂടാതെ യുഎഇ വധശിക്ഷ നടപ്പാക്കിയത്. എമിറാത്തി പൗരനെ കൊലപ്പെടുത്തിയതിന് മുഹമ്മദ് റിനാഷും ഇന്ത്യക്കാരനെ കൊലപ്പെടുത്തിയതിന് മുരളീധരന്‍ എന്നയാളും ശിക്ഷിക്കപ്പെട്ടു. യുഎഇയിലെ പരമോന്നത കോടതിയായ കോര്‍ട്ട് ഓഫ് കാസേഷന്‍ അവരുടെ വധശിക്ഷ ശരിവച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. എന്നാല്‍ ഏത് ദിവസമാണ് ഇരുവരെയും വധശിക്ഷയ്ക്ക് വിധേയരാക്കിയതെന്ന് സ്ത്രീകരിച്ചിട്ടില്ല.
യുഎഇയിലെ ഇന്ത്യന്‍ എംബസി, ''ദയാ ഹര്‍ജികളും മാപ്പ് അപേക്ഷകളും അയയ്ക്കുന്നത് ഉള്‍പ്പെടെ സാധ്യമായ എല്ലാ കോണ്‍സുലാര്‍, നിയമ സഹായങ്ങളും നല്‍കിയിട്ടുണ്ട്'' എന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. കുടുംബാംഗങ്ങള്‍ അന്ത്യോപചാരം അര്‍പ്പിക്കുകയും പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കുകയും ചെയ്ത ശേഷം വ്യാഴാഴ്ച മുഹമ്മദ് റിനാഷിനെ സംസ്‌കരിച്ചു.
2023 ഫെബ്രുവരിയില്‍ നാല് മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയെന്നാരോപിച്ച് ഷെഹ്‌സാദി ഖാനെ അറസ്റ്റ് ചെയ്തതിന് ശേഷം അവളുടെ അവസ്ഥയെക്കുറിച്ച് വിവരങ്ങള്‍ തേടി അവളുടെ പിതാവ് ഡല്‍ഹി ഹൈക്കോടതിയെ സമീപ്പിച്ചപ്പോഴാണ് ഫെബ്രുവരി 15 ന് അവളുടെ വധശിക്ഷ നടപ്പാക്കിയതായി മാര്‍ച്ച് 3 ന് സര്‍ക്കാര്‍ അറിയിച്ചത്. പിന്നീട്, ഫെബ്രുവരി 28 ന് എമിറാത്തി ഉദ്യോഗസ്ഥര്‍ ഖാനെ വധിച്ചതായി ഇന്ത്യന്‍ എംബസിയെ അറിയിച്ചതായി വിദേശകാര്യ മന്ത്രാലയത്തിന്റെ ബാഹ്യ പ്രചാരണ വിഭാഗം സ്ഥിരീകരിച്ചു.