തമിഴ് സൂപ്പര്‍ താരവും തമിഴക വെട്രി കഴകം സ്ഥാപകനുമായ വിജയ് ചെന്നൈയില്‍ ഗ്രാന്‍ഡ് ഇഫ്താര്‍ വിരുന്നൊരുക്കി. ചെന്നൈയിലെ റായപേട്ടയിലുള്ള വൈഎംസിഎ ഗ്രൗണ്ടിലായിരുന്നു വിജയ് ഇഫ്താര്‍ വിരുന്ന് ഒരുക്കിയത്. മൂവായിരത്തിലേറെ ആളുകള്‍ ദളപതി വിജയ് ഒരുക്കിയ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍.
ഒരു ദിവസത്തെ റംസാന്‍ വ്രതം അനുഷ്ഠിച്ചാണ് ആരാധകരുടെ ദളപതി ഇഫ്താര്‍ വിരുന്നൊരുക്കിയത്. വിജയ് ഇഫ്താറിന് മുമ്പുള്ള പ്രാര്‍ത്ഥനയിലും പങ്കെടുത്തതായാണ് വിവരം. തൊപ്പി ധരിച്ച് തൂവെള്ള വസ്ത്രധാരിയായി വിജയ് ഇഫ്താര്‍ ചടങ്ങിന് ആതിഥേയത്വം വഹിച്ച ചിത്രങ്ങള്‍ ഇതോടകം സോഷ്യല്‍ മീഡിയകളില്‍ വൈറലായിട്ടുണ്ട്.
വൈഎംസിഎ ഗ്രൗണ്ടില്‍ നടന്ന ഇഫ്താര്‍ വിരുന്നില്‍ 15 ഓളം പള്ളികളിലെ ഇമാമുമാര്‍ക്ക് ക്ഷണം ലഭിച്ചിരുന്നു. ഇതുകൂടാതെയാണ് മൂവായിരത്തിലേറെ ആളുകള്‍ ചടങ്ങില്‍ പങ്കെടുത്തത്. തമിഴക വെട്രി കഴകം രൂപീകരിച്ചതിന് പിന്നാലെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരത്തിനിറങ്ങുമെന്നും താരം നേരത്തെ പ്രഖ്യാപിച്ചിരുന്നു.