പ്രണയ വിവാഹത്തിന്റെ പേരില്‍ യുവാവിനെ സാമുദായികമായി ബഹിഷ്‌കരിക്കകുകയും ഗ്രാമത്തില്‍ താമസിക്കുന്നത് വിലക്കിയെന്നും ആരോപണം. ഗ്രാമത്തില്‍ താമസിക്കണമെങ്കില്‍ 9 ലക്ഷം രൂപ പഞ്ചായത്തിന് പിഴ നല്‍കാനും സമുദായം ആവശ്യപ്പെട്ടു. ഗുജറാത്തിലെ അംബാഖുട്ട് ഗ്രാമത്തിലെ കാജല്‍ ബാരിയ എന്ന യുവാവാണ് വിവാഹം കഴിച്ചതിന്റെ പേരില്‍ സമുദായ ബഹിഷ്‌കരണം നേരിട്ടത്.യുവാവിന്റെ വീട് സന്ദര്‍ശിക്കുന്നവര്‍ക്ക് പിഴ ചുമത്താന്‍ പഞ്ചായത്തുകള്‍ വ്യവസ്ഥ ചെയ്തിട്ടുണ്ടെന്നും ആരോപണമുണ്ട്.
വരന് പ്രായക്കൂടുതലുള്ളതിനെത്തുടര്‍ന്നാണ് നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്ന് യുവതി പിന്‍മാറുകയും തന്റെ ആഗ്രഹം മാതാപിതാക്കളോട് പറയുകയും ചെയ്തത്. എന്നാല്‍ പ്രായക്കൂടുതലുള്ള ആളിനെ തന്നെ വിവാഹം കഴിക്കാന്‍ വീട്ടുകാര്‍ നിര്‍ബന്ധിച്ചതോടെ യുവതി ഗ്രാമത്തില്‍ തന്നെയുള്ള കാജല്‍ ബാരിയ എന്ന യുവാവിനടുത്തേക്ക് പോവുകയായിരുന്നു. പെണ്‍കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് വീട്ടുകാര്‍ കാജല്‍ ബാരിയയെ അന്വേഷിച്ചെത്തിയെങ്കിലും കണ്ടെത്താനായില്ല.
രണ്ട് ദിവസത്തിന് ശേഷം പെണ്‍കുട്ടി കദ്വാള്‍ പോലീസ് സ്റ്റേഷനില്‍ ഹാജരാകുകയും വിവാഹം തന്റെ ഇഷ്ടത്തിന് വിരുദ്ധമായി നടത്താന്‍ തീരുമാനിച്ചിരുന്നെന്നും, അതിനാല്‍ സ്വന്തം ഇഷ്ടപ്രകാരമാണ് വീട് വിട്ടുപോയതെന്നും യുവാവ് തന്നോട് തിരിച്ചു പോകാന്‍ പറഞ്ഞില്ലെന്നും മൊഴി നല്‍കി. തുടര്‍ന്ന് ഇരുവരുടെയും വിവാഹം നടക്കുകയായിരുന്നു.
രോഷാകുലരായ പെണ്‍കുട്ടിയുടെ കുടുംബം വിഷയം ഗ്രാമപഞ്ചായത്തിന് മുന്നില്‍ അവതരിപ്പിച്ചു.പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതായി അരോപിച്ച് കാജല്‍ ബാരിയ പെണ്‍കുട്ടിയുടെ കുടുംബത്തിന് 9 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ഗ്രാമപഞ്ചായത്ത് വിധിച്ചു.
ഇത്തരം സാഹചര്യങ്ങളില്‍ ഉള്‍പ്പെട്ട യുവാവ് പെണ്‍കുട്ടിയുടെ കുടുംബത്തിന് 1.75 ലക്ഷം രൂപ നല്‍കണമെന്നാണ് പതിവ്. പണം നല്‍കാന്‍ യുവാവ് സമ്മതിച്ചെങ്കിലും പഞ്ചായത്ത് അത് നിരസിക്കുകയായിരുന്നു. ഗ്രാമവാസികള്‍ക്ക് യുവാവിന്റെ കുടുംബവുമായി ഇടപെടുന്നതിന് വിലക്കും പഞ്ചായത്ത് ഏര്‍പ്പെടുത്തി.