ബോളിവുഡ് നടന്‍ നാന പടേക്കര്‍ക്ക് എതിരെയുള്ള ലൈംഗികപീഡന പരാതി പിന്‍വലിച്ചു. നടി തനുശ്രീ ദത്തയുടെ പരാതിയില്‍ തെളിവില്ലെന്ന കാരണത്താലാണ് കോടതി തള്ളിയിരിക്കുന്നത്. കേസില്‍ പ്രതികളായിരുന്ന മറ്റ് മൂന്ന് പേരെ കൂടി അന്ധേരി മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി കേസില്‍ നിന്നൊഴിവാക്കി.
മീടൂ വെളിപ്പെടുത്തല്‍ വ്യാപകമായ സമയത്താണ് തനുശ്രീ ദത്ത, സിനിമാ ചിത്രീകരണത്തിനിടയില്‍ നാനാ പടേക്കറടക്കം ചിലരില്‍ നിന്ന് ലൈംഗികാതിക്രമം നേരിടേണ്ടി വന്നതായി പറഞ്ഞത്. 2018 ഒക്ടോബറിലാണ് ഓഷീവാര പോലീസില്‍ തനുശ്രീ ദത്ത എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത്. തുടര്‍ന്ന് പൊലീസ് കേസ് എടുക്കുകയായിരുന്നു.
2008ലും 2010ലുമായി രണ്ട് തവണ മോശമായ അനുഭവമുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് നടി നാന പടേക്കര്‍, ഗണേശ് ആചാര്യ, രാകേഷ് സാരംഗ്, അബ്ദുള്‍ സമി അബ്ദുള്‍ ഗനി സിദ്ധിഖി എന്നിവരുടെ പേരില്‍ കേസ് ഫയല്‍ ചെയ്തത്.
കേസ് അന്വേഷിച്ച പൊലീസ് സംഭവം നടന്നതിന് തെളിവൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടി തൊട്ടടുത്ത വര്‍ഷം തന്നെ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. സംഭവം നടന്ന ശേഷം കേസ് കൊടുക്കാന്‍ ഇത്രയും വൈകിയതിന് പ്രത്യേക കാരണമൊന്നും കാണാനില്ലെന്ന് മജിസ്‌ട്രേറ്റ് എന്‍വി ബന്‍സാല്‍ ചൂണ്ടിക്കാട്ടി.