മ്യാന്‍മര്‍ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 694 ആയി ഉയര്‍ന്നു. 1670 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മ്യാന്‍മറിലും അയല്‍ രാജ്യമായ തായ്‌ലന്റിലും ഉണ്ടായ ശക്തമായ ഭൂചലനത്തില്‍ നിരവധിപ്പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് വ്യാപക നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്.
പാലങ്ങളും കെട്ടിടങ്ങളും തകര്‍ന്നു. തായ്‌ലന്റ് തലസ്ഥാനമായ ബാങ്കോക്കിലും വലിയ നാശനഷ്ടങ്ങളുണ്ട്. നിര്‍മാണത്തിലിരുന്ന ബഹുനില കെട്ടിടം തകര്‍ന്നുവീണ് നിരവധി തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുകയാണ്. രണ്ട് രാജ്യങ്ങളിലും സര്‍ക്കാരുകള്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അതേസമയം ഇന്നലെ രാത്രി മ്യാന്‍മറില്‍ തുടര്‍ ഭൂചലനമുണ്ടായി. രാത്രി 11.56ഓടെയാണ് റിക്ടെര്‍ സ്‌കെയില്‍ 4.2 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.
യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കല്‍ സര്‍വേയുടെ കണക്ക് പ്രകാരം മാന്റ്ലെയില്‍ നിന്ന് 17.2 കിലോമീറ്റര്‍ അകലെയുള്ള നഗരമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. മ്യാന്‍മറിന് സഹായവുമായി ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ രംഗത്തെത്തി. 15 ടണ്‍ അവശ്യ വസ്തുക്കളുമായി ഇന്ത്യന്‍ വ്യോമസേനയുടെ വിമാനം മ്യാന്‍മറിലെത്തി. വിമാനത്തില്‍ ടെന്റുകള്‍, സ്ലീപ്പിംഗ് ബാഗുകള്‍, പുതുപ്പുകള്‍, റെഡി ടു ഈറ്റ് ഭക്ഷണം, വാട്ടര്‍ പ്യൂരിഫയറുകള്‍, സോളാര്‍ ലാമ്പുകള്‍, ജനറേറ്റര്‍ സെറ്റുകള്‍, മരുന്നുകള്‍ തുടങ്ങിയ അവശ്യ സാധനങ്ങളെത്തിച്ചു. മ്യാന്‍മാറിന് സഹായമെത്തിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും അറിയിച്ചുണ്ട്.