അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് തിരിച്ചെത്തിയ ശേഷം ഭൂമികുലുക്കം പോലൊരു അവസ്ഥയിലാണ് ലോകം. അമേരിക്കന്‍ നേട്ടങ്ങള്‍ക്കായി സകല മേഖലകളെയും പിടിച്ചുകുലുക്കുകയാണ് ട്രംപ്. ഇതിനിടയിലാണ് താന്‍ മൂന്നാമതും ഒരു വരവ് വരാനായി ശ്രമം നടത്തുമെന്ന് അദ്ദേഹം സ്ഥിരീകരിക്കുന്നത്.
യുഎസ് ഭരണഘടന അനുസരിച്ച് രണ്ട് നാല് വര്‍ഷ ടേമുകളാണ് പ്രസിഡന്റുമാര്‍ക്ക് അനുവദിച്ചിട്ടുള്ളത്. ഈ ഘട്ടത്തിലാണ് മൂന്നാമതും മത്സരിക്കാന്‍ തുനിഞ്ഞിറങ്ങുമെന്ന് ട്രംപ് വെളിപ്പെടുത്തുന്നത്. 'ഞാന്‍ തമാശ പറയുന്നതല്ല', എന്‍ബിസി ന്യൂസുമായി ഫോണില്‍ സംസാരിക്കവെ ട്രംപ് പറഞ്ഞു.
വൈറ്റ് ഹൗസിലേക്ക് ഇനിയും വരുമെന്ന് ഏതാനും മാസങ്ങള്‍ തമാശയായി പറഞ്ഞതിന് ശേഷമാണ് ഇത് കാര്യമാണെന്ന് അദ്ദേഹം സ്ഥിരീകരിക്കുന്നത്. പക്ഷെ ഭരണഘടനയില്‍ പറയാത്ത കാര്യം എങ്ങനെ നടപ്പാക്കുമെന്ന ചോദ്യത്തിന് 'അത് നടപ്പാക്കാന്‍ ചില രീതികളുണ്ട്' എന്ന് ട്രംപ് മറുപടി നല്‍കി.
ഈ വിഷയത്തില്‍ കൂടുതല്‍ വിശദീകരണത്തിന് ട്രംപ് തയ്യാറായില്ല. വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ജയിച്ച ശേഷം തനിക്ക് കമ്മാന്‍ഡര്‍-ഇന്‍-ചീഫ് പദവി കൈമാറുന്നത് പോലുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നുവെന്നാണ് ട്രംപിന്റെ വെളിപ്പെടുത്തല്‍.