അമേരിക്കയുടെ ആഗോള പരസ്പര തീരുവ പ്രഖ്യാപനം നാളെ. ലോകത്തിലെ എല്ലാ രാജ്യങ്ങള്‍ക്കുമേലും പരസ്പര ഇറക്കുമതി തീരുവ ചുമത്തുമെന്നും എന്താകുമെന്ന് കാണട്ടേയെന്നുമാണ് ട്രംപിന്റെ വെല്ലുവിളി. തീരുവ പ്രഖ്യാപന ദിനമായ നാളെ വിമോചന ദിനമാണെന്നും ട്രംപ് പറഞ്ഞു. നേരത്തെ പതിനഞ്ചോളം രാജ്യങ്ങള്‍ക്കുമേല്‍ നികുതി ചുമത്തും എന്നായിരുന്നു കരുതിയിരുന്നത്.
എന്നാല്‍, ഇത് പൂര്‍ണമായി തള്ളുന്നതാണ് ട്രംപിന്റെ പ്രസ്താവന. ഇന്ത്യയടക്കം രാജ്യങ്ങള്‍ക്കുമേല്‍ തീരുവ വരുന്നതോടെ കയറ്റുമതിയില്‍ വലിയ ആഘാതമുണ്ടാകും എന്നാണ് വിലയിരുത്തല്‍. അമേരിക്കന്‍ സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഇറക്കുമതി തീരുവ ചുമത്തുന്ന രാജ്യങ്ങള്‍ക്കും അമേരിക്കയുമായി വ്യാപാര അസന്തുലിതാവസ്ഥയുള്ള രാജ്യങ്ങള്‍ക്കും പരസ്പര തീരുവ ചുമത്തുന്നതിനെക്കുറിച്ചായിരുന്നു വാഷിംഗ്ടണില്‍ ചര്‍ച്ചകള്‍ക്കിടെയാണ് ട്രംപ് ഒരടി പോലും പിന്നോട്ടില്ലെന്ന് ഉറപ്പിച്ച് പറയുന്നത്.
'ഞങ്ങള്‍ എല്ലാ രാജ്യങ്ങള്‍ക്കും തീരുവ ചുമത്തും, എന്താണ് സംഭവിക്കുന്നതെന്ന് നോക്കാം'' - പ്രസിഡന്റ് ട്രംപ് പ്രസിഡന്‍ഷ്യല്‍ വിമാനത്തില്‍ വെച്ച് റിപ്പോര്‍ട്ടര്‍മാരോട് പറഞ്ഞു. ഏപ്രില്‍ രണ്ടിന് താന്‍ 'വിമോചന ദിനം' എന്ന് വിളിക്കുന്ന ദിവസം അടുക്കുമ്പോഴാണ് ട്രംപിന്റെ ഈ മുന്നറിയിപ്പ്. 10 അല്ലെങ്കില്‍ 15 രാജ്യങ്ങള്‍ക്ക് മാത്രം പരസ്പര തീരുവ ചുമത്തുമെന്ന കിംവദന്തികള്‍ ട്രംപ് നിഷേധിച്ചു. ഞങ്ങള്‍ എല്ലാ രാജ്യങ്ങളെക്കുറിച്ചും സംസാരിക്കുന്നു, വെട്ടിച്ചുരുക്കലുകകള്‍ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.