വീട്ടിലെ പ്രസവത്തെ തുടര്‍ന്ന് രക്തം വാര്‍ന്ന് യുവതി മരിച്ചത് മനപൂര്‍വമുള്ള നരഹത്യക്ക് തുല്യമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മാതൃമരണ നിരക്കും ശിശുമരണ നിരക്കും ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളം. പക്ഷെ വര്‍ത്തമാന കാലത്ത് ചില തെറ്റായ പ്രവണതകള്‍ കൂടി നമ്മുടെ സമൂഹത്തില്‍ ഉണ്ടാകുന്നു എന്നത് അനഭിലഷണീയമായ കാര്യമാണ്.
കഴിഞ്ഞ ദിവസം ഉണ്ടായ ഒരു അമ്മയുടെ മരണം തികച്ചും നിര്‍ഭാഗ്യകരമാണ്. രണ്ടുമൂന്ന് ആഴ്ച മുമ്പ് ആശാ പ്രവര്‍ത്തക വീട്ടില്‍ പോയപ്പോള്‍ പുറത്ത് വന്നില്ല എന്ന് ജില്ലയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. പിന്നീട് ആരോഗ്യ പ്രവര്‍ത്തക കണ്ടപ്പോഴും കാര്യം പറഞ്ഞില്ല. പ്രാഥമിക അന്വേഷണത്തില്‍ 3 മണിക്കൂറോളം രക്തം വാര്‍ന്ന് അവര്‍ക്ക് കിടക്കേണ്ടി വന്നു എന്നറിഞ്ഞു. ഇത് വളരെ ഗൗരവമുള്ള വിഷയമാണെന്നും ശക്തമായി എതിര്‍ക്കണമെന്നും മന്ത്രി വ്യക്തമാക്കി. ലോകാരോഗ്യ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനവും സര്‍ക്കാര്‍ ആശുപത്രികളിലെ ഡിജിറ്റല്‍ സംവിധാനങ്ങളുടെ ഉദ്ഘാടനവും മികച്ച ഡോക്ടര്‍മാര്‍ക്കുള്ള അവാര്‍ഡ് വിതരണവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.