CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 42 Minutes 19 Seconds Ago
Breaking Now

ഹെമല്‍ ഹെംസ്റ്റഡ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ക്കു തുടക്കമായി; ഭക്തിസാന്ദ്രമായ ഓശാനത്തിരുന്നാളിന് ഫാ.അനൂപ് മലയിലില്‍ കാര്‍മ്മികത്വം വഹിച്ചു.

ഹെമല്‍ ഹെംസ്റ്റഡ്: സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വിശുദ്ധ വാര തിരുക്കര്‍മ്മങ്ങള്‍ക്ക്  തുടക്കമായി. ഇടവക വികാരി റവ. ഫാ. അനൂപ് മലയില്‍ എബ്രഹാമിന്റെ കാര്‍മ്മികത്വത്തില്‍ കൊണ്ടാടിയ ആഘോഷമായ ഓശാന ഞായര്‍ ആചരണം  ഭക്തിസാന്ദ്രമായി. നോമ്പുകാലത്തിന്റെ അവസാന ഞായറാഴ്ചയും, വിശുദ്ധവാരത്തിന്റെ ആരംഭവുമായ ഓശാന ഞായര്‍ തിരുക്കര്‍മ്മങ്ങളിലും അനുബന്ധ ശുശ്രുഷകളിലും നിരവധി വിശ്വാസികളാണ് പങ്കുചേര്‍ന്നത്.

ക്രൂശീകരണത്തിന് ഏതാനും ദിനങ്ങള്‍ക്ക് മുമ്പ്  കഴുതക്കുട്ടിയുടെ പുറത്തുകയറി വിനയാന്വിതനായി നടത്തിയ യാത്രയും  ജെറുശലേമിലേക്കുള്ള യേശുവിന്റെ രാജകീയമായ പ്രവേശനവും അവിടെ വരവേല്‍ക്കുവാന്‍ വീഥികളില്‍  തടിച്ചു കൂടിയവര്‍ ഒലിവു ശിഖരങ്ങളും, പനയോലകളും വീശിക്കൊണ്ട് 'ഹോശാന, ഇസ്രായേലിന്റെ രാജാവായ കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ വാഴ്ത്തപ്പെട്ടവന്‍' എന്നു ആര്‍ത്തുവിളിച്ചു കൊണ്ടും, വസ്ത്രങ്ങളും, ചില്ലകളും നിരത്തില്‍ വിരിച്ചു കൊണ്ടും പ്രൗഢിയോടെ വരവേറ്റതിന്റെ അനുസ്മരണം ഉണര്‍ത്തുന്നതായി ഓശാന ദിന ശുശ്രുഷകളും, തിരുന്നാള്‍ സന്ദേശവും.

ദേവാലയത്തില്‍ ഒരുക്കിവെച്ചിരുന്ന കുരുത്തോലകള്‍ അനൂപ് അച്ചന്‍ വെഞ്ചിരിച്ചു വാഴ്ത്തി വിശ്വാസികള്‍ക്ക് നല്‍കുകയും തുടര്‍ന്ന്  ദേവാലയത്തിനു ചുറ്റും കുരുത്തോലകള്‍ വീശി ഓശാന കീര്‍ത്തനങ്ങള്‍ ആലപിച്ച്  ഘോഷയാത്ര നടത്തുകയും ചെയ്തു. ദേവാലയത്തിന്റെ പ്രധാനകവാടം യേശുവിന്റെ പ്രവേശനം   അനുസ്മരിച്ചു കൊണ്ട് അച്ചന്‍ ആചാരപ്രകാരം  മുട്ടിത്തുറന്നുകൊണ്ടു  വിശ്വാസികളോടൊപ്പം ദേവാലയത്തിനകത്തു പ്രവേശിച്ച് തുടര്‍ തിരുക്കര്‍മ്മങ്ങളും,അനുബന്ധ വായനകളും ശുശ്രുഷകളും നടത്തി. ഫാ. അനൂപ് മലയില്‍ നല്‍കിയ ഓശാനത്തിരുന്നാള്‍ സന്ദേശം ചിന്തോദ്ധീപകവും ആല്‍മീയോര്‍ജ്ജം പകരുന്നതുമായി.

വിശുദ്ധവാരത്തിലേക്കു പ്രവേശിക്കുന്നതിന് ആമുഖമായി ധ്യാനവും അനുതാപ ശുശ്രുഷക്ക് അവസരവും ഒരുക്കിയിരുന്നു. തിങ്കള്‍, ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ പാസ്റ്ററല്‍ ഹൌസ്  സന്ദര്‍ശനവും, സന്ധ്യാ പ്രാര്‍ത്ഥനാ നമസ്‌ക്കാരവും ഉണ്ടായിരിക്കും. ഏപ്രില്‍ 16  ബുധനാഴ്ച പെസഹാ തിരുക്കര്‍മ്മങ്ങളും അനുബന്ധ ശുശ്രുഷകളും നടക്കും. ഏപ്രില്‍ 18 ന് ദുംഖവെള്ളി ശുശ്രുഷകളും പീഡാനുഭവ വായനകളും തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം നേര്‍ച്ചകഞ്ഞി വിതരണവും ഉണ്ടായിരിക്കുന്നതാണ്. ഏപ്രില്‍ 19 ന് ശനിയാഴ്ച ശുശ്രുഷകള്‍ രാവിലെ എട്ടു മണിക്ക് വലിയ ശനിയാഴ്ച തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കുന്നതാണ്. ശനിയാഴ്ച വൈകുന്നേരം ആറരക്ക് പ്രതീക്ഷയുടെയും പ്രത്യാശയുടെയും വിശ്വാസത്തിന്റെയും  മുഖമുദ്രയായ ഉത്ഥാനത്തിരുന്നാള്‍ ആരംഭിക്കും.

 

വിശുദ്ധ വാര തിരുക്കര്‍മ്മങ്ങളിള്‍ പങ്കു ചേര്‍ന്ന് ക്രൂശിതന്റെ പീഡാനുഭവ യാത്രയോട് ചേര്‍ന്ന് അനുതാപത്തിലൂന്നിക്കൊണ്ട്  പ്രാര്‍ത്ഥനാനിര്‍ഭരം ചരിക്കുവാനും, ഉദ്ധിതനായ ക്രിസ്തുവിലൂടെ  അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനും ഏവരെയും തിരുക്കര്‍മ്മങ്ങളിലേക്കും ശുശ്രുഷകളിലേക്കും സ്‌നേഹപൂര്‍വ്വം അനൂപ് അച്ചനും പള്ളിക്കമ്മിറ്റിയംഗങ്ങളും ക്ഷണിക്കുന്നു. 

 

 

Appachan Kannanchira

 




കൂടുതല്‍വാര്‍ത്തകള്‍.