കാര്‍ഡിഫിന്റെ പ്രിയ പുത്രി ആന്‍ സണ്ണി ഇപ്പോള്‍ ഒരു പ്രൊഫഷണല്‍ ഭരതനാട്യം ഡാന്‍സര്‍ ആയിരിക്കുന്നു. കഴിഞ്ഞ ദിവസം കാര്‍ഡിഫഫിലേ പെനാര്‍ത്തിലെ സെന്റ് സൈറീസ് സ്‌കൂള്‍ ഹാളില്‍ വച്ച് ആനിന്റെ അരങ്ങേററം നടന്നിരുന്നു. രണ്ട് മണിക്കൂര്‍ നീണ്ട അരങ്ങേറ്റം ആസ്വദിക്കാന്‍ കാര്‍ഡിഫിലെ മലയാളികളും തമിഴ് സുഹൃത്തുക്കളുമായ ധാരാളം പേര്‍ വന്നിരുന്നു. ആന്‍ വളരെ ചെറുപ്രായത്തിലെ തന്നെ ജിഷ മധുവിന്റെ ശിക്ഷണത്തില്‍ ഡാന്‍സ് പരിശീലിക്കാന്‍ തുടങ്ങിയിരുന്നു.
പിന്നീട് കലാമണ്ഡലം ശ്രുതിയുടെയും അതിനുശേഷം കഴിഞ്ഞ ആറു വര്‍ഷമായി സമര്‍പ്പണ്‍ ഡാന്‍സ് സ്ഥാപനത്തിലെ ഡോക്ടര്‍ സന്തോഷ് ജി നായരുടെ ശിക്ഷണത്തിലും ക്ലാസിക്കല്‍ ഡാന്‍സ് പരിശീലിച്ചു വന്നിരുന്നു. ആന്‍ ഓറിയന്റല്‍ ബോര്‍ഡ് ഓഫ് ലണ്ടനില്‍ നിന്നും ഏഴാം ഗ്രേഡ് കരസ്ഥമാക്കിയിരിക്കുന്നു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി വെയില്‍സിലെ പല സ്റ്റേജുകളിലും ആന്‍ തന്റെ ഡാന്‍സിലുള്ള മികവ് പ്രദര്‍ശിപ്പിച്ചുരുന്നു.
ഡാന്‍സ് കൂടാതെ ആന്‍ വെയിറ്റ് ലിഫ്റ്റിങ്ങിലും സംഗീതത്തിലും ട്രെയിനിങ് ചെയ്യുന്നു. ആന്‍ ദേശിയ യൂത്ത് ഓര്‍ക്കസ്ട്രയിലും മെമ്പര്‍ ആണ്. യുക്കെയില്‍ ജനിച്ചു വളര്‍ന്ന ഒരു കുട്ടി ഭരതനാട്യം പഠിക്കുകയും അതുപോലെ പുഷ്പാഞ്ജലി, നരസിംഹ കൗത്വം, വര്‍ണം, ദേവി സ്തുതി,രാഗമാലിക താളമാലിക, അഭംഗ് വനമാലി വാസുദേവ , തില്ലാന ഇവയെല്ലാം പഠിക്കണമെങ്കില്‍ വളരെ ചെറിയ കാര്യം അല്ല. അതിന്റെ പുറകിലുള്ള ആനിന്റെ തീവ്രമായ കഠിന പ്രയത്‌നവും, നിശ്ചയദാഢ്യവും വളരെ പ്രശംസനീയമാണ്. ഒരു ക്ലാസിക്കല്‍ നര്‍ത്തകി എന്ന നിലയില്‍ അവളുടെ മൂര്‍ച്ചയുള്ളതും കൃത്യവുമായ പ്രകടനങ്ങള്‍ എടുത്തുകാണിക്കുന്നു. മനോഹരമായ ഈ നൃത്ത പ്രകടനത്തിന് പ്രേക്ഷകരുടെ ഉജ്ജ്വലമായ സാന്നിധ്യം വളരെ മാറ്റുകൂട്ടി.
കാര്‍ഡിഫിലെ ആദ്യകാല കുടിയേറ്റക്കാരായ സണ്ണി പൗലോസിന്റെയും അന്നമ്മയുടെയും മകളാണ് ആന്‍. കാര്‍ഡിഫിലെ ലിറ്റില്‍ കൊച്ചി റെസ്റ്റോറന്റ് നടത്തുന്ന ആല്‍ബിന്‍ സണ്ണി സഹോദരനാണ്. യുക്കെയില്‍ ജനിച്ചു വളര്‍ന്ന ആന്‍ സണ്ണി, സ്വാന്‍സി യൂണിവേഴ്‌സിറ്റിയില്‍ എക്കണോമിക്‌സ് പഠിക്കുന്നു
(ബെന്നി അഗസ്റ്റിന്‍ കാര്‍ഡിഫ്)