താമരശ്ശേരി ഷഹബാസ് കേസില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ എസ്എസ്എല്‍സി ഫലം പുറത്ത് വിടരുതെന്ന് പിതാവ്. ഇതുസംബന്ധിച്ച് ബാലാവകാശ കമ്മീഷന് കത്ത് നല്‍കി. പരീക്ഷ ബോര്‍ഡ് നേരത്തെ ഫലം തടഞ്ഞു വെച്ചിരുന്നു. എന്നാല്‍ ഫലം പുറത്തുവിടാന്‍ പരീക്ഷ ബോര്‍ഡിനോട് ബാലാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. ഈ മാസം പതിനെട്ടിനകം പ്രസിദ്ധീകരിക്കണമെന്നായിരുന്നു ബാലാവകാശ കമ്മീഷന്റെ ആവശ്യം. പരീക്ഷാ ഫലം തടഞ്ഞുവെച്ച നടപടി ബാലാവകാശ നിയമത്തിന് എതിരാണെന്നും പരീക്ഷാ ഫലം തടഞ്ഞതും ഡീ ബാര്‍ ചെയ്തതും നിയമവിരുദ്ധമാണെന്നും ബാലാവകാശ കമ്മിഷന്‍ വ്യക്തമാക്കിയിരുന്നു.
ജുവനൈല്‍ ഹോമിലെ പ്രത്യേക പരീക്ഷാ കേന്ദ്രത്തില്‍ വെച്ചായിരുന്നു വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയത്. കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതിക്കാന്‍ അനുവദിക്കില്ലെന്ന് ആരോപിച്ച് കെഎസ്യുവും എംഎസ്എഫും രംഗത്ത് വന്നിരുന്നു. പിന്നീട് വിദ്യാര്‍ത്ഥികളുടെ പരീക്ഷാ കേന്ദ്രം മാറ്റുകയും വെള്ളിമാടിക്കുന്നിലെ ജുവനൈല്‍ ഹോമില്‍ പരീക്ഷയ്ക്കുള്ള സജ്ജീകരണം ഒരുക്കുകയുമായിരുന്നു.
ട്യൂഷന്‍ സെന്ററിലുണ്ടായ പ്രശ്നത്തിന്റെ ചുവടുപിടിച്ച് നടന്ന വിദ്യാര്‍ത്ഥി സംഘര്‍ഷത്തിലായിരുന്നു പതിനഞ്ചുകാരനായ ഷഹബാസ് കൊല്ലപ്പെട്ടത്. താമരശ്ശേരിയിലെ ട്രിസ് ട്യൂഷന്‍ സെന്ററില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി സെന്റ് ഓഫ് സംഘടിപ്പിച്ചിരുന്നു. ഇതിനിടെ ഷഹബാസ് പഠിച്ചിരുന്ന എളേറ്റില്‍ എം ജെ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ ഡാന്‍സ് അവതരിപ്പിക്കുകയും അപ്രതീക്ഷിതമായി പാട്ട് നില്‍ക്കുകയും ചെയ്തു.
തുടര്‍ന്ന് താമരശ്ശേരി ഗവണ്‍മെന്റ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ കൂകി വിളിച്ചു. ഇതോടെ രണ്ട് സ്‌കൂളിലേയും വിദ്യാര്‍ത്ഥികള്‍ തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവും ഉടലെടുത്തു. അധ്യാപകര്‍ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. ഇതിന്റെ തുടര്‍ച്ചയായി ഉണ്ടായ സംഘര്‍ഷത്തിലാണ് ഷഹബാസിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു ഷഹബാസിന്റെ മരണം. ആന്തരിക രക്തസ്രാവമായിരുന്നു മരണകാരണം.