വേടനെ എത്തിച്ചതില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ബിജെപി. ലഹരി വിമുക്ത പരിപാടി സംഘടിപ്പിക്കുന്ന സര്‍ക്കാര്‍, വാര്‍ഷികാഘോഷത്തിന് എന്തിന് എന്‍ഡിപിഎസ് കേസ് പ്രതിയെ എത്തിച്ചെന്ന് ബിജെപി സംസ്ഥാന ട്രഷററും പാലക്കാട് നഗരസഭ വൈസ് ചെയര്‍മാനുമായ അഡ്വ. ഇ കൃഷ്ണദാസ് ചോദിച്ചു.
അതേസമയം, റാപ്പര്‍ വേടന്റെ പരിപാടിക്കിടെ പാലക്കാട് കോട്ടമൈതാനത്തുണ്ടായ നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം ഈടാക്കുമെന്ന് ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭ വ്യക്തമാക്കി. പട്ടികജാതി വികസന വകുപ്പാണ് പരിപാടിക്ക് അനുമതി തേടിയത്. പരിശോധനകള്‍ക്ക് ശേഷം പൊലീസിലും പരാതി നല്‍കുമെന്ന് നഗരസഭ പറഞ്ഞു. തിരക്കിനിടെ കാണികള്‍ പൊതുമുതല്‍ നശിപ്പിച്ചെന്നാണ് നഗരസഭാ അധികൃതര്‍ പറയുന്നത്. ചെറിയ കോട്ടമൈതാനത്ത് നഗരസഭ പുതുതായി സ്ഥാപിച്ച ഇരിപ്പിടങ്ങള്‍ ഉള്‍പ്പെടെ തകര്‍ത്തു. പരിശോധന നടത്തിയ ശേഷം നഷ്ടം കണക്കാക്കി സംഘാടകരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്ന് നഗരസഭാ വൈസ് ചെയര്‍മാന്‍ ഇ കൃഷ്ണദാസ് പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പട്ടികജാതി-പട്ടികവര്‍ഗ സംസ്ഥാന സംഗമത്തിന്റെ ഭാഗമായായിരുന്നു സംഗീത പരിപാടി സംഘടിപ്പിച്ചത്. മൂന്നാം വട്ടമാണ് വേടന്‍ പാലക്കാട്ടേക്ക് എത്തിയത്. അതിനാല്‍ 'മൂന്നാംവരവ് 3.0' എന്ന പേരിലായിരുന്നു സംഗീത പരിപാടി.
സൗജന്യമായായിരുന്നു പ്രവേശനം. 10,000ത്തോളം പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വിധത്തിലായിരുന്നു സജ്ജീകരണങ്ങള്‍. തുറന്ന വേദിയില്‍ നടന്ന പരിപാടി എല്ലാവര്‍ക്കും കാണാന്‍ നാല് വലിയ എല്‍ഇഡി സ്‌ക്രീനുകളിലും പ്രദര്‍ശിപ്പിച്ചിരുന്നു.