ഫ്‌ളക്‌സ് വച്ചിരിക്കുന്ന ആരും ദേശീയ പാത മലപ്പുറം കൂരിയാട് ഇടിഞ്ഞു താഴ്ന്ന അപകടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഹൈവേ പണിതു എന്നതിന്റെ പേരില്‍ ആഘോഷിക്കുന്ന മുഖ്യമന്ത്രിക്കോ സംസ്ഥാന സര്‍ക്കാരിനോ കേന്ദ്ര സര്‍ക്കാരിനോ ഉത്തരവാദിത്വമില്ലെന്നും അദ്ദേഹം പറഞ്ഞു.
യു.പി.എ സര്‍ക്കാരിന്റെ കാലത്ത് കൊണ്ടു വന്ന റൈറ്റ് ടു ഫെയര്‍ കോംപന്‍സേഷന്‍ ആക്ട് കൊണ്ടു വന്നതു കൊണ്ടാണ് ദേശീയ പാത യാഥാര്‍ത്ഥ്യമായത്. ഹൈവെ പണിതത് കേന്ദ്ര സര്‍ക്കാരാണ്. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ഹൈവെ പണിയാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറായിരുന്നു. ഹൈവെ തകര്‍ന്നതിന് ആരാണ് യഥാര്‍ത്ഥ ഉത്തരവാദി? ഹൈവെ നിര്‍മ്മാണത്തില്‍ വ്യാപകമായ ക്രമക്കേടുകളുണ്ട്. പല സ്ഥലങ്ങളിലും അടിപ്പാതകള്‍ പോലുമില്ല. എന്നിട്ടും സംസ്ഥാന സര്‍ക്കാര്‍ ഒരു ഇടപെടലും നടത്തുന്നില്ല. മഴ ആരംഭിച്ചാല്‍ ഒരുപാട് പേരുടെ ജീവിതം വെള്ളത്തിലാകും.
അശാസ്ത്രീയമായാണ് പലയിടത്തും ഹൈവെ പണിതിരിക്കുന്നത്. കുടിവെള്ള വിതരണ ലൈനുകള്‍ പൊട്ടിച്ചിരിക്കുകയാണ്. അശാസ്ത്രീയമായ പണികളൊന്നും ശ്രദ്ധിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സമയമില്ല. ദേശീയ പാത അതോറിട്ടിയുമായി സംസ്ഥാന സര്‍ക്കാരിന് ഒരു ഏകോപനവുമില്ല. ജനപ്രതിനിധികള്‍ ചൂണ്ടിക്കാട്ടിയിട്ടും പോലും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. തിരഞ്ഞെടുപ്പിന് മുന്‍പ് പണി തീര്‍ത്ത് ക്രെഡിറ്റ് എടുക്കാനുള്ള ശ്രമമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിയത്. അടിപ്പാതകള്‍ക്കു വേണ്ടി ജനങ്ങള്‍ നടത്തുന്ന സമരത്തെ പോലും സര്‍ക്കാര്‍ തിരിഞ്ഞു നോക്കുന്നില്ല. ഒന്നു ശ്രദ്ധിക്കേണ്ടെന്ന നിര്‍ദ്ദേശമാണ് കളക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നല്‍കിയത്. വടക്കേ ഇന്ത്യയില്‍ പണിയുന്നതു പോലെ കേരളത്തില്‍ ഹൈവെ പണിയാനാകില്ല.
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പൊലീസ് സ്റ്റേഷനുകള്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്നതിന്റെ ഉദാഹരണമാണ് തിരുവനന്തപുരം പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ ദലിത് യുവതിയായ ബിന്ദുവിനെ മാനസികമായി പീഡിപ്പിച്ചത്. ഇങ്ങനെയൊക്കെയാണ് സര്‍ക്കാര്‍ നാലാം വാര്‍ഷികം ആഘോഷിക്കുന്നത്. സംസ്ഥാനത്തെ തകര്‍ത്ത് തരിപ്പണമാക്കിയവര്‍ക്ക് വാര്‍ഷികം ആഘോഷിക്കാന്‍ വലിയ തൊലിക്കട്ടി വേണം. ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ ധനപ്രതിസന്ധിയിലേക്ക് സംസ്ഥാനം കൂപ്പ് കുത്തുമ്പോഴാണ് സര്‍ക്കാര്‍ വാര്‍ഷികം കോടികള്‍ മുടക്കി ആഘോഷിക്കുന്നത്. ആഘോഷങ്ങളെ പ്രമോട്ട് ചെയ്യാനാണ് പരസ്യത്തിന് പുറമെ മാധ്യമങ്ങള്‍ക്ക് പണം നല്‍കുന്നത്. പരസ്യം അല്ലാതെ, സര്‍ക്കാര്‍ ഗംഭീരമാണെന്നും മന്ത്രി മികച്ചതാണെന്നും വകുപ്പ് മികച്ചതാണെന്നുമുള്ള വാര്‍ത്ത വരുത്തുന്നത്.
പരസ്യം അല്ലാതെ പണം നല്‍കി മാധ്യമങ്ങളെ കൊണ്ട് വാര്‍ത്ത വരുത്തുന്ന രീതി സര്‍ക്കാര്‍ നടപ്പാക്കുകയാണ്. ജനങ്ങളുടെ നികുതി പണമാണ് ചെലവഴിക്കുന്നത്. ഇതു സംബന്ധിച്ച് എന്താണ് സംഭവിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ജനങ്ങളെ പൊറുതി മുട്ടിക്കുന്ന സര്‍ക്കാര്‍ ആയതു കൊണ്ടാണ് യു.ഡി.എഫ് കരിദിനം ആചരിക്കുന്നത്. ആശ വര്‍ക്കാര്‍മാര്‍ ഉള്‍പ്പെടെ സമരം ചെയ്യുന്നവരെ പരിഹസിക്കുന്നത് മുതലാളിത്ത സ്വഭാവമാണ്. മന്ത്രിമാര്‍ക്ക് തൊഴിലാളികളെ കാണുമ്പോള്‍ പുച്ഛമാണ്. മുതലാളിത്ത മനോഭാവവും തീവ്രവലതു പക്ഷ സ്വഭാവവുമാണ് ഈ സര്‍ക്കാരിന്റെ മുഖമുദ്ര. സര്‍ക്കാര്‍ ഇല്ലായ്മയാണ് ജനങ്ങള്‍ അനുഭവിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.