സിനിമയില്‍ ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയായി വേഷമിട്ട നടി നുസ്രത് ഫാരിയ അറസ്റ്റില്‍. ഷെയ്ഖ് ഹസീന സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ടുണ്ടായ കേസാണ് നടിക്കെതിരേ ചുമത്തിയത്. തായ്‌ലന്‍ഡിലേക്ക് പോകാനായി വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് ഇവര്‍ അറസ്റ്റിലായത്.
31 കാരിയായ നടി നിലവില്‍ ധാക്ക മെട്രോപൊളിറ്റന്‍ പോലീസിന്റെ ഡിറ്റക്ടീവ് ബ്രാഞ്ചിന്റെ കസ്റ്റഡിയിലാണ്. ധാക്കയിലെ വതാര പ്രദേശത്ത് നടന്ന പ്രതിഷേധത്തിനിടെ ഒരു വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാരോപിച്ച് നുസ്രത് ഉള്‍പ്പെടെ 17 അഭിനേതാക്കള്‍ക്കെതിരെ കേസ് എടുത്തതായി പൊലീസ് അറിയിച്ചിരുന്നു.
2023ലാണ് ഷെയ്ഖ് മുജിബുര്‍ റഹ്‌മാന്റെ ജീവിതം ആസ്പദമാക്കി 2023ല്‍ നിര്‍മ്മിച്ച 'മുജിബ്: ദി മേക്കിങ് ഓഫ് എ നേഷന്‍' എന്ന സിനിമയിലാണ് നുസ്രത് ഫാരിയ അഭിനയിച്ചത്. ഇന്ത്യ-ബംഗ്ലാദേശ് സംയുക്ത സംരംഭമായി നിര്‍മിച്ച സിനിമ സംവിധാനം ചെയ്തത് അടുത്തിടെ അന്തരിച്ച പ്രശസ്ത സംവിധായകന്‍ ശ്യാം ബെനെഗല്‍ ആയിരുന്നു.
റേഡിയോ ജോക്കി ആയാണ് നുസ്രത് കരിയര്‍ ആരംഭിച്ചത്. 2015ല്‍ ആഷിഖി എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി. ഹീറോ 420, ബാദ്ഷാ, ദ ഡോണ്‍, പ്രേമി ഓ പ്രേമി, ബോസ് 2: ബാക് ടു റൂള്‍ എന്നിവയാണ് നുസ്രത്തിന്റെ ഹിറ്റ് ചിത്രങ്ങള്‍. എന്നാല്‍ ഷെയ്ഖ് ഹസീനയായി വേഷമിട്ടതോടെയാണ് നടി പ്രശസ്തയാവുന്നത്.