പിണറായി സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ സമൂഹമാധ്യമങ്ങളില്‍ റീല്‍സ് ഇടല്‍ തുടരുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. റീല്‍സ് ഇടല്‍ അവസാനിപ്പിക്കില്ലെന്നും അദേഹം വ്യക്തമാക്കി. ദേശീയപാതയ്ക്കായി 5560 കോടി രൂപ സംസ്ഥാനം ചെലവിട്ടു. കേരളത്തിന്റെ റോള്‍ ജനങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്. ദേശീയപാത വികസനത്തില്‍ കേരളത്തിന്റെ റോള്‍ പറഞ്ഞുകൊണ്ടേയിരിക്കുമെന്നും മന്ത്രി ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ പറയുന്നു.
ദേശീയപാത പ്രവര്‍ത്തിയുടെ ഉത്തരവാദിത്തം ദേശീയപാത അതോറിറ്റിക്കാണ്. പ്രവര്‍ത്തിയുടെ ഗുണനിലവാരം പരിശോധിക്കേണ്ടത് ദേശീയപാത അതോറിറ്റിയാണ്. സംസ്ഥാനം 1190 ഹെക്ടര്‍ ഭൂമി ഏറ്റെടുത്ത് നല്‍കി. കേന്ദ്രത്തിന്റെ ഔദര്യം അല്ല, സംസ്ഥാനത്തിന്റ നികുതി പണം കൂടിയാണ് റോഡിനു വേണ്ടി ചെലവഴിച്ചതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനു കാല്‍ അണ മുതല്‍ മുടക്കില്ലെന്ന നിലയില്‍ പ്രചാരണം നടക്കുന്നു. ഇത് തെറ്റാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.