CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
55 Minutes 6 Seconds Ago
Breaking Now

വിശ്വാസ ജീവിതം പരിശുദ്ധവും പരിപൂര്‍ണ്ണവും ആവണം' മാര്‍ ജോസഫ് സ്രാമ്പിക്കല്‍; വാത്സിങ്ങ്ഹാം നിറഞ്ഞുകവിഞ്ഞ ജനസാഗരം തീര്‍ത്ത തീര്‍ത്ഥാടനം മരിയന്‍ പ്രഘോഷണസാന്ദ്രമായി

വാത്സിങ്ങ്ഹാം: ഗ്രെയ്റ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ ഇംഗ്ലണ്ടിലെ നസ്രേത്തില്‍ തിങ്ങി നിറഞ്ഞ പതിനായിരത്തിലധികം മരിയഭക്തര്‍  തീര്‍ത്ത തീര്‍ത്ഥാടനം മരിയോത്സവവും ഭക്തിസാന്ദ്രവുമായി. ഗ്രെയ്റ്റ് ബ്രിട്ടന്‍ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തീര്‍ത്ഥടനത്തിനും, തിരുന്നാള്‍ കുര്‍ബ്ബാനക്കും മുഖ്യ കാര്‍മ്മികനായി നേതൃത്വം നല്‍കി.  നേരത്തെ തീര്‍ത്ഥാടന കോര്‍ഡിനേറ്റര്‍ ഫാ. ജിനു മുണ്ടുനടക്കല്‍ തീര്‍ത്ഥാടകരെ സ്വാഗതം ആശംസിച്ചു.

വിപരീത കാലാവസ്ഥാ മുന്നറിയിപ്പുണ്ടായിട്ടും ആയിരങ്ങള്‍ തിങ്ങിനിറഞ്ഞു ജനസാഗരം തീര്‍ത്ത തീര്‍ത്ഥാടനത്തില്‍ മരിയന്‍ ഗീതങ്ങളും ജപമാലസൂക്തങ്ങളും, ഹല്ലെലുയ്യ പ്രഘോഷണങ്ങളും,'ആവേ മരിയാ' ഗീതങ്ങളും അലയടിച്ച മാതൃ സങ്കേതം മരിയന്‍ പ്രഘോഷണ വേദിയായി. രാവിലെ മുതല്‍ തകര്‍ത്തടിച്ച  മഴ, തീര്‍ത്ഥാടന പ്രദക്ഷിണത്തില്‍ മാറിനിന്നു. കുര്‍ബ്ബാനക്കിടയില്‍ മന്ദമായി മഴ പെയ്‌തെങ്കിലും തീര്‍ത്ഥാടകര്‍ തെല്ലും അലോരസപ്പെടാതെ നിന്നിടത്ത് തന്നെ കുടയും ചൂടി ഭക്തിപുരസ്സരം പങ്കുചേര്‍ന്നു.

'വിശ്വാസ ജീവിതം പരിശുദ്ധവും പരിപൂര്‍ണ്ണവും ആവണം' എന്ന് സ്രാമ്പിക്കല്‍ പിതാവ് തന്റെ തിരുന്നാള്‍ സന്ദശത്തില്‍ ഉദ്ബോധിപ്പിച്ചു. വിശുദ്ധ അക്വിനാസ് പറഞ്ഞത് പോലെ 'പരിശുദ്ധ  കന്യാമറിയത്തില്‍  നിന്ന് ജന്മപാപമില്ലാതെ ജനിച്ച  സത്യ ദൈവം' എന്നതാവണം ഓരോ വിശ്വാസിയും ഏറ്റു പറയേണ്ടത്.  നമ്മുടെ വിശ്വാസ ജീവിതത്തില്‍ പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥവും കരുതലുമാണ് ശക്തി കേന്ദ്രം'.  ജൂബിലി വര്‍ഷത്തിനും, ഇയര്‍ ഓഫ് സ്പിരിച്ച്വലിറ്റിയുടെയും   പ്രാര്‍ത്ഥനാശംസകള്‍  നേര്‍ന്നു കൊണ്ടാണ് പിതാവ് തന്റെ സന്ദേശം നിറുത്തിയത്.

രാവിലെ സപ്രാ പ്രാര്‍ത്ഥനയോടെ ആരംഭിച്ച തിരുന്നാള്‍ ശുശ്രുഷയില്‍ തുടര്‍ന്ന് സ്രാമ്പിക്കല്‍ പിതാവ് ആരാധനക്കു നേതൃത്വം നല്‍കി.  രൂപതയുടെ യൂത്ത് ആന്‍ഡ് മൈഗ്രന്റ്സ് കമ്മീഷന്‍ ചെയറും, അനുഗ്രഹീത ധ്യാന ഗുരുവുമായ ഫാ. ജോസഫ് മുക്കാട്ട് നല്‍കിയ മരിയന്‍   സന്ദേശം തീര്‍ത്ഥാടകരില്‍  മാതൃഭക്തി ഉദ്ധീപിക്കുന്നതായി. തിരുനാള്‍ കൊടിയേറ്റത്തിനും അടിമവക്കലിനും ശേഷം തീര്‍ത്ഥാടകര്‍ക്കു ഭക്ഷണത്തിനായുള്ള ഊഴമായി. മണിക്കൂറുകളോളം കുടുംബസമേതം യാത്രചെയ്ത് എത്തിയ ഭക്തജനങ്ങള്‍ക്ക് ഒരുക്കിയ സ്വാദിഷ്ട മായ ഭക്ഷണ സൗകര്യം രാവിലെമുതല്‍ തന്നെ തീര്‍ത്ഥാടന നഗരിയില്‍ ലഭ്യമായിരുന്നു.

രൂപതയുടെ നാനാ ഭാഗത്തു നിന്നും വന്നെത്തിയ ആയിരക്കണക്കിനു തീര്‍ത്ഥാടകര്‍ തങ്ങളുടെ മിഷന്‍ ബാനറുകളുടെ പിന്നില്‍ അണിനിരന്ന്, മുത്തുക്കുടകളുടെയും കൊടിതോരണങ്ങളുടെയും  അകമ്പടിയോടെ ജപമാല സമര്‍പ്പിച്ചും, മാതൃവണക്ക ഗാനങ്ങള്‍ ആലപിച്ചും, ആവേ മരിയാ ഗീതങ്ങള്‍ മീട്ടിയും, പ്രാര്‍ത്ഥനാനിറവില്‍ നടത്തിയ പ്രദക്ഷിണം അക്ഷരാര്‍ത്ഥത്തില്‍ കേരളത്തിലെ സീറോ മലബാര്‍ വിശ്വാസത്തിന്റെ ആഴങ്ങള്‍ വിളിച്ചോതുന്നതായിരുന്നു. 

പ്രദക്ഷിണത്തിന്റെ തുടക്കഭാഗം ദേവാലയത്തില്‍ തിരിച്ചെത്തിയപ്പോഴും രണ്ടു കിലോമീറ്ററോളം നീളത്തില്‍ ഒരുക്കിയ പ്രദക്ഷിണ പാതയില്‍ പിന്‍ഭാഗം പ്രവേശിച്ചിട്ടില്ലാത്തത്ര ആയിരക്കണക്കിന് വിശ്വാസികളാണ് ഈ വര്‍ഷം  തീര്‍ത്ഥാടനത്തിനായി എത്തിച്ചേര്‍ന്നത്.  ഏറ്റവും പിന്നിലായി വാത്സിങ്ങ്ഹാം മാതാവിന്റെ രൂപവുമേന്തി കേംബ്രിഡ്ജ് റീജന്‍ സീറോമലബാര്‍ സംഘവും അതിന്റെ പിന്നിലായി സ്രാമ്പിക്കല്‍ പിതാവിന്റെ നേതൃത്വത്തില്‍ വൈദികരും അണിനിരന്നു.

ഫാ. ജോസഫ് മുക്കാട്ടിന്റെ അജപാലന നേതൃത്വത്തില്‍ SMYM മിനിസ്ട്രിയുടെ 'സമയം ബാന്‍ഡ്' ഒരുക്കിയ  സാംഗീതസാന്ദ്രമായ ഗാനാര്‍ച്ചന മരിയന്‍ പ്രഘോഷണമായി. വാത്സിങ്ങാമിലെ മൈനര്‍ ബസിലിക്കയുടെ റെക്ടര്‍ റെവ ഡോ. റോബര്‍ട്ട് ബില്ലിംഗ് ഏവര്‍ക്കും ഹൃദ്യമായ സ്വാഗതമരുളിക്കൊണ്ട് തിരുന്നാള്‍ കുര്‍ബ്ബാനയിലേക്ക് പ്രവേശിച്ചു. പ്രോട്ടോ സെഞ്ചുലോസ് റവ. ഡോ.ആന്റണി ചുണ്ടെലിക്കാട്ട് രൂപതക്കുവേണ്ടി വാത്സിങ്ങാമിലെ  മൈനര്‍ ബസിലിക്കയുടെ റെക്ടര്‍ അടക്കം വൈദികര്‍ക്കും വോളണ്ടിയേഴ്‌സിനും തീര്‍ത്ഥാടകര്‍ക്കും സ്വാഗതം നേര്‍ന്നു.

ആഘോഷപൂര്‍വ്വമായ തിരുന്നാള്‍ സമൂഹ ദിവ്യബലിയില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. പ്രോട്ടോ സെഞ്ചുലോസ്  ഫാ. ആന്റണി ചുണ്ടലിക്കാട്ട്, ഉച്ചക്ക് രണ്ടു മണിക്ക് മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍, പ്രോട്ടോ സെഞ്ചുലോസ് റവ.ഡോ ആന്റണി ചുണ്ടെലിക്കാട്ട്, ചാന്‍സലര്‍ റവ.ഡോ. മാത്യു പിണക്കാട്ട്, വൈസ് ചാന്‍സലര്‍  ഫാ. ഫാന്‍സുവ പത്തില്‍, ഫിനാന്‍സ് ഡയറക്ടര്‍ ഫാ.ജോ മാത്യു, ആതിഥേയരായ കേംബ്രിഡ്ജ് റീജണല്‍ സീറോമലബാര്‍ കോര്‍ഡിനേറ്റര്‍ ഫാ ജിനു മുണ്ടുനടക്കല്‍ കൂടാതെ രൂപതയില്‍ നിന്നുള്ള നിരവധി വൈദികര്‍ സഹകാര്‍മ്മികരായി അര്‍പ്പിച്ച ആഘോഷപൂര്‍വ്വമായ തിരുന്നാള്‍ സമൂഹബലി പുണ്യസന്നിധിയേ അനുഗ്രഹദായകമാക്കി.

 

തിരുന്നാള്‍ ഗായകസംഘം നടത്തിയ ഗാനശുശ്രുഷ  ആത്മീയവും സ്വര്‍ഗ്ഗീയവുമായ അനുഭൂതി പകര്‍ന്നു.

 

Appachan Kannanchira




കൂടുതല്‍വാര്‍ത്തകള്‍.