യൂ .കെ - ലണ്ടനിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ കര്‍ക്കിടക വാവുബലി ചടങ്ങുകള്‍ ഭക്തിസാദ്രം. കര്‍ക്കിടകവാവു ദിനമായ വ്യാഴാഴ്ച രാവിലെ 11-30 ന് വാവുബലി ആരംഭിച്ചത് . പിതൃക്കളുടെ സ്മരണ ഉയര്‍ത്തിയ ശ്‌ളോകാന്തരീക്ഷത്തില്‍ നുറുക്കണക്കിന് ഭക്തര്‍ കെന്റിലെ റോച്ചസ്റ്റര്‍ റിവര്‍ മെഡ് വേ തീരത്ത് എത്തി ശരീരവും മനസ്സും ശുദ്ധമാക്കി പിതൃക്കള്‍ക്കും ഗുരുക്കന്മാര്‍ക്കുമായ് ബലിയര്‍പ്പിച്ചു. ബലിതര്‍പ്പണത്തിനായ് കെന്റ് അയ്യപ്പ ക്ഷേത്രം ഭാരവാഹികള്‍ പ്രത്യേകം സജ്ജമാക്കിയ നദീ തീരത്ത് നിര നിരയായിട്ടാണ് 3 -30 മണി വരെ ഭക്തര്‍ നദിയില്‍ പിതൃമോക്ഷ പ്രാപ്തിക്കായ് ആത്മസമര്‍പ്പണം നടത്തിയത്. സംഘാടകര്‍ കാലേകൂട്ടി ഭക്തര്‍ക്ക് വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നതുകൊണ്ട് തിരക്ക് അനുഭവപ്പെട്ടില്ല. രാവിലെ മുതല്‍ നദീതീരത്ത് നടന്ന ചടങ്ങിന് ക്ഷേത്രം മേല്‍ശാന്തി ശ്രീ അഭിജിത്തിരുമേനി മുഖ്യകാര്‍മ്മികത്വം വഹിച്ചു. തിലഹവനം, ക്ഷേത്ര പൂജകള്‍ എന്നീ ചടങ്ങുകള്‍ക്ക് വടക്കേ വെളിയില്ലം ശ്രീ വിഷ്ണു രവി തിരുമേനി, താഴൂര്‍ മന ശ്രീ ഹരിനാരായണന്‍ തിരുമേനി എന്നിവര്‍ സഹകാര്‍മ്മികത്വം വഹിച്ചു. ക്ഷേത്രം ഭാരവാഹികള്‍ നേതൃത്വം നല്‍കി.